ടെസ്റ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച വിരാട് കോഹ്ലിയുടെ ടെസ്റ്റ് കരിയറിനെയും ക്യാപ്റ്റന്സിയെയും പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന് ക്യാപ്റ്റന് മൈക്കല് വോണ്. വിരാടിന്റെ വിരമിക്കല് തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും കഴിഞ്ഞ 30 വര്ഷത്തിലേറെയായി ടെസ്റ്റ് ക്രിക്കറ്റിന് വലിയ സംഭാവന ചെയ്ത താരമാണ് വിരാടെന്നും വോണ് പറഞ്ഞു. കൂടാതെ വിരാട് കോഹ്ലിയുടെയും എം എസ് ധോണിയുടെയും ടെസ്റ്റ് ക്യാപ്റ്റന്സിയിലെ വ്യത്യാസത്തെ കുറിച്ചും വോണ് സംസാരിച്ചു.
Michael Vaughan reacts to the retirement of arguably Test cricket's greatest ambassador, Virat Kohli. pic.twitter.com/U4UIYOiUHu
'വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില് നിന്ന് വിരമിച്ചെന്ന് അറിഞ്ഞപ്പോള് ഞാന് ഞെട്ടിപ്പോയി. അതില് എനിക്ക് സങ്കടമുണ്ട്. കഴിഞ്ഞ 30 വര്ഷത്തിലേറെയായി ടെസ്റ്റ് ക്രിക്കറ്റില് വിരാടിനേക്കാള് കൂടുതല് സംഭാവനകള് നല്കിയ മറ്റൊരു ഒരു ക്രിക്കറ്റ് കളിക്കാരന് ഉണ്ടെന്ന് ഞാന് വിശ്വസിക്കുന്നില്ല', വോണ് പറഞ്ഞു.
'ഒരു പതിറ്റാണ്ട് മുമ്പ് വിരാട് കോഹ്ലി ഇന്ത്യന് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തപ്പോള് ഇന്ത്യയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താല്പര്യം നഷ്ടപ്പെടുമെന്ന് ഞാന് ഭയപ്പെട്ടിരുന്നു. എം എസ് ധോണി മികച്ച വൈറ്റ് ബോള് കളിക്കാരില് ഒരാളായിരുന്നു. പക്ഷേ ഫോര്മാറ്റിനെ ഇഷ്ടപ്പെടാത്ത ഒരു ടെസ്റ്റ് ടീമിനെ അദ്ദേഹം നയിച്ചതുപോലെയാണ് തോന്നിയത്. റെഡ്ബോള് ക്രിക്കറ്റില് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് ഗെയിമിന് ആവശ്യമായിരുന്നു. ക്യാപ്റ്റനെന്ന നിലയില് വിരാട് ചെയ്തതും അതാണ്', മുന് ഇംഗ്ലീഷ് നായകന് വ്യക്തമാക്കി.
കോഹ്ലിയുടെ അഭിനിവേശവും കഴിവും ടെസ്റ്റ് ക്രിക്കറ്റ് എല്ലായ്പ്പോഴും ഉന്നതിയിലാണെന്ന തരത്തില് അദ്ദേഹം സംസാരിക്കുന്ന രീതിയുമെല്ലാം ടെസ്റ്റ് ഫോര്മാറ്റിന് വലിയൊരു മുതല്ക്കൂട്ടായിരുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കില് ടെസ്റ്റ് ക്രിക്കറ്റ് വളരെ വിരസമായ ഒരു ഫോര്മാറ്റാകുമായിരുന്നു', വോണ് കൂട്ടിച്ചേര്ത്തു.
ഇന്ത്യയുടെ മുന് നായകനായ വിരാട് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നെന്ന വാര്ത്ത ഏറെ വിഷമത്തോടെയാണ് ആരാധകര് ഏറ്റെടുത്തത്. ഇന്ത്യയുടെ വെള്ളക്കുപ്പായത്തില് 14 വര്ഷത്തെ ഐതിഹാസിക കരിയറിനാണ് വിരാട് ഇന്ന് വിരാമമിട്ടത്. ഇന്സ്റ്റഗ്രാമില് പങ്കുവെച്ച കുറിപ്പിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില് നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യയുടെ മുന് നായകന് ആരാധകരെ അറിയിച്ചത്.
ബുദ്ധിമുട്ടിയാണെങ്കിലും കൃത്യമായ തീരുമാനം എടുക്കുന്നുവെന്നാണ് കോഹ്ലി സോഷ്യല് മീഡിയയില് കുറിച്ചത്. ടെസ്റ്റ് കരിയറിലേക്ക് ഒരു പുഞ്ചിരിയോടെ മാത്രമാണ് തിരിഞ്ഞുനോക്കാന് കഴിയുകയെന്നും 123 ടെസ്റ്റുകള് നീണ്ട കരിയറില് താന് പൂര്ണ തൃപ്തനാണെന്നും കോഹ്ലി വിരമിക്കല് കുറിപ്പില് എഴുതി.
Content Highlights: "Dhoni led the team that didn't love Test cricket but Virat…" Vaughan turns emotional for Kohli