ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ അവശേഷിച്ച മത്സരങ്ങൾ ഓസ്ട്രേലിയൻ താരങ്ങൾ കളിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. അവശേഷിച്ച മത്സരങ്ങളിൽ കളിക്കുന്നതിൽ താരങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നാണ് 'ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്. ബാക്കിയുള്ള ഐപിഎൽ മത്സരങ്ങളിൽ കളിക്കാൻ തീരുമാനിക്കുന്ന താരങ്ങളുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് മാനേജ്മെന്റ് പഠനം നടത്തും. അതുപോലെ ഓസീസ് താരങ്ങളുടെ സുരക്ഷയെയും ക്രമീകരണങ്ങളെയും കുറിച്ച് ഓസ്ട്രേലിയൻ സർക്കാരുമായും ബിസിസിഐയുമായും ആശയവിനിമയം നടത്തും,' ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
മെയ് 17നാണ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ജൂൺ മൂന്നിനാണ് ഫൈനൽ നടക്കുക. ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവരാണ് പ്രധാന ഓസീസ് താരങ്ങൾ. മറ്റൊരു ഓസീസ് താരമായ ജോഷ് ഹേസൽവുഡ് തോളിനേറ്റ പരിക്കിനെ തുടർന്ന് സീസണിലെ അവശേഷിച്ച മത്സരങ്ങൾ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതിനിടെ ജൂൺ 11നാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ നടക്കുക. ഇംഗ്ലണ്ടിലെ ലോർഡ്സ് ആണ് വേദി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് കിരീടപ്പോരിൽ മത്സരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിലവിലെ ജേതാക്കളാണ് ഓസ്ട്രേലിയ. 1998ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം ആദ്യ ഐസിസി കിരീടമാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ലക്ഷ്യം.
Content Highlights: Cricket Australia's message for Ausis players want to play IPL