ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസ് നായകനാകുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത 19കാരൻ സാം കോൺസ്റ്റാസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന കാമറൂൺ ഗ്രീൻ ഓസീസ് ടീമിൽ മടങ്ങിയെത്തി.
ജൂൺ 11നാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ നടക്കുക. ഇംഗ്ലണ്ടിലെ ലോർഡ്സ് ആണ് വേദി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് കിരീടപ്പോരിൽ മത്സരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിലവിലെ ജേതാക്കളാണ് ഓസ്ട്രേലിയ. 1998ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം ആദ്യ ഐസിസി കിരീടമാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ലക്ഷ്യം.
ഓസീസിന്റെയും ദക്ഷിണാഫ്രിക്കയുടെ പ്രധാന താരങ്ങൾ ഐപിഎല്ലിന് ശേഷം മടങ്ങിയെത്തണമെന്നതാണ് മറ്റൊരു പ്രത്യേകത.ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവരാണ് ഐപിഎൽ കളിക്കുന്ന പ്രധാന ഓസീസ് താരങ്ങൾ. ദക്ഷിണാഫ്രിക്കൻ താരങ്ങളായ മാർകോ യാൻസൻ, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റമ്പ്സ്, എയ്ഡാൻ മാർക്രം തുടങ്ങിയവരും ഐപിഎല്ലിൽ കളിക്കുന്നുണ്ട്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോലണ്ട്, അലെക്സ് ക്യാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലീഷ്, ഉസ്മാൻ ഖ്വാജ, സാം കോൺസ്റ്റാസ്, മാത്യൂ കുനെമാൻ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്, ബൗ വെബ്സ്റ്റർ.
Content Highlights: Cricket Australia reveal squad for WTC Final