ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. 123 ടെസ്റ്റുകളിൽ നിന്നായി 9,230 റൺസ് നേടിയാണ് ഇതിഹാസ താരത്തിന്റെ പടിയിറക്കം. ഇതിൽ 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി നേടിയ മൂല്യമേറിയ അഞ്ച് സെഞ്ച്വറികൾ നോക്കാം.
2014ൽ അഡ്ലെയ്ഡിൽ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കോഹ്ലി നേടിയ 141 റൺസ് താരത്തിന്റെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിലൊന്നാണ്. കോഹ്ലി ക്യാപ്റ്റനായുള്ള ആദ്യ മത്സരമായിരുന്നു അത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഏഴിന് 517 എന്ന കൂറ്റൻ സ്കോർ നേടി ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിൽ കോഹ്ലി 115 റൺസും അജിൻക്യ രഹാനെയുടെയും ചേതേശ്വർ പുജാരയുടെയും അർധ സെഞ്ച്വറിയുടെയും മികവിൽ ഇന്ത്യ 444 റൺസെടുത്തു.
രണ്ടാം ഇന്നിങ്സിൽ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയതിനാൽ ഇന്ത്യൻ വിജയലക്ഷ്യം 364 റൺസായിരുന്നു. രണ്ടാം ഇന്നിങ്സിൽ 141 റൺസ് നേടിയ കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടവും 99 റൺസ് നേടിയ മുരളി വിജയുടെ പിന്തുണയും ഇന്ത്യൻ സ്കോർ 315 റൺസിലെത്തിച്ചു. 48 റൺസിനായിരുന്നു ആ മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയത്.
2018ൽ ബിർമിങ്ഹാമിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 149 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ മറ്റൊരു തകർപ്പൻ ഇന്നിങ്സ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയ 287 റൺസിന് മറുപടി നൽകിയ ഇന്ത്യയ്ക്കായി കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടമാണ് കണ്ടത്. 149 റൺസ് നേടിയ കോഹ്ലിയുടെ കരുത്തിയ ഇന്ത്യ 274 റൺസ് വരെ നേടി.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 180 റൺസിൽ എല്ലാവരും പുറത്തായി. 194 റൺസിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ 162 റൺസിൽ വീണു. 51 റൺസെടുത്ത കോഹ്ലിക്ക് മാത്രമാണ് ഇത്തവണയും തിളങ്ങാനായത്. മത്സരം 21 റൺസ് അകലെ ഇന്ത്യ കൈവിട്ടു.
2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു കോഹ്ലിയുടെ മറ്റൊരു മികച്ച ഇന്നിങ്സ്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ ഉയർന്ന സ്കോറായ 254 റൺസ് ഈ മത്സരത്തിലാണ് പിറന്നത്. പൂനെയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഇന്നിങ്സ് വിജയം സ്വന്തമാക്കി. 2016ൽ ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നേടിയ 167 റൺസാണ് വിരാട് കോഹ്ലിയുടെ മറ്റൊരു മികച്ച ഇന്നിങ്സ്. 2017ൽ ശ്രീലങ്കയ്ക്കെതിരെ ഗാലെയിൽ നടന്ന മത്സരത്തിൽ നേടിയ 103 റൺസും കോഹ്ലിയുടെ കരിയറിലെ മികച്ച ഇന്നിങ്സുകളിലൊന്നായി വിലയിരുത്തുന്നു.
Content Highlights: 5 Best Knocks Of Virat Kohli In Tests