'പെട്ടെന്നുണ്ടായ തീരുമാനമല്ല'; ടെസ്റ്റിൽ നിന്ന് വിരമിച്ച തീരുമാനത്തിൽ ആദ്യ പ്രതികരണവുമായി രോഹിത് ശർമ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് രോഹിത്തിന്റെ വിരമിക്കല്‍

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ ആദ്യ പ്രതികരണവുമായി ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ. വിരമിക്കൽ തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും തനിക്ക് മുന്നോട്ട് കൃത്യമായ പദ്ധതിയുണ്ടെന്നും രോഹിത് പറഞ്ഞു. ബാറ്റിങ്ങിൽ കുറ കൂടി വേഗത്തിൽ റൺസ് കണ്ടെത്തണം, കുറഞ്ഞ പന്തുകളാണെങ്കിൽ കൂടി ക്രീസിലുള്ള സമയം ടീമിന്റെ സ്കോറിലേക്ക് കാര്യമായ സംഭാവന നൽകാൻ സാധിക്കണം, മുമ്പുള്ളതിനേക്കാൾ വ്യത്യസ്തമായി കളിക്കാൻ ആഗ്രഹിക്കുന്നു, മുതിർന്ന മാധ്യമ പ്രവർത്തകൻ വിമൽ കുമാറുമായുള്ള അഭിമുഖത്തിൽ രോഹിത് ശർമ കൂട്ടിച്ചേർത്തു.

അതേ സമയം മെയ് ഏഴിനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചത്.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഇത്രയും വര്‍ഷം നിങ്ങള്‍ സമ്മാനിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും', രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് രോഹിത്തിന്റെ വിരമിക്കല്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരകള്‍ ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. രോഹിത് 67 ടെസ്റ്റുകളില്‍ നിന്ന് 40.57 ശരാശരിയില്‍ 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 4301 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlights: It was not a sudden decision'; Rohit Sharma's first reaction on his decision to retire from Test cricket

To advertise here,contact us