ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ ടീമുകൾ ഉൾപ്പെട്ട ത്രിരാഷ്ട്ര വനിത ഏകദിന പരമ്പരയിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ശ്രീലങ്കയെ 97 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയികളായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 342 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 48.2 ഓവറിൽ 245 റൺസിൽ എല്ലാവരും പുറത്തായി.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ സെഞ്ച്വറിയോടെ സ്മൃതി മന്ദാന ഇന്ത്യൻ സ്കോറിങ് മുന്നിൽ നിന്ന് നയിച്ചു. ഇന്ത്യൻ നിരയിൽ പ്രിതിക റാവൽ, ഹർലിൻ ഡിയോൾ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 101 പന്തിൽ 15 ഫോറും രണ്ട് സിക്സറും സഹിതം 116 റൺസാണ് മന്ദാനയുടെ സംഭാവന. 49 പന്തിൽ രണ്ട് ബൗണ്ടറികൾ നേടിയ പ്രതിക 30 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു.
രണ്ടാം വിക്കറ്റിൽ മന്ദാന-ഹർലിൻ ഡിയോൾ സഖ്യം 120 റൺസ് കൂട്ടിച്ചേർത്തു. 56 പന്തിൽ നാല് ഫോറടക്കം ഹർലീൻ 47 റൺസെടുത്ത് പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഹർമൻപ്രീത് കൗർ, ജമീമ റോഡ്രിഗ്സ് എന്നിവർ വേഗത്തിൽ റൺസുയർത്താനാണ് ശ്രമിച്ചത്. 30 പന്തിൽ 41 റൺസായിരുന്നു ഹർമന്റെ സംഭാവന. 29 പന്തിൽ നാല് ഫോറടക്കം 44 റൺസെടുത്ത് ജമീമ റോഡ്രിഗ്സ് അവസാന ഓവറിൽ സ്കോറിങ് വേഗത്തിലാക്കി.
മറുപടി ബാറ്റിങ്ങിൽ വമ്പൻ വിജയലക്ഷ്യം പിന്തുടരാൻ പോന്ന ആരും ശ്രീലങ്കൻ നിരയിലുണ്ടായിരുന്നില്ല. 66 പന്തിൽ 51 റൺസെടുത്ത ക്യാപ്റ്റൻ ചമാരി അത്തപ്പത്തുവാണ് ശ്രീലങ്കൻ നിരയുടെ ടോപ് സ്കോറർ. നിലാക്ഷി ഡി സിൽവ 48 റൺസും നേടി. ഇന്ത്യൻ വനിതകൾക്കായി സ്നേഹ് റാണ നാല് വിക്കറ്റുകൾ വീഴ്ത്തി. അമൻജോത് കൗർ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: India won triseries by beating Srilanka in final