ശുഭ്മൻ ​ഗിൽ ക്യാപ്റ്റനായാൽ റിഷഭ് പന്ത് ഉപനായകൻ: റിപ്പോർട്ട്

ബുംമ്രയെ തുടർച്ചയായി പരിക്കുകൾ അലട്ടുന്നത് താരത്തെ ദീർഘകാലത്തേയ്ക്ക് ടെസ്റ്റ് നായകനായി തിരഞ്ഞെടുക്കുന്നതിൽ നിന്നും ബിസിസിഐയെ പിന്തിരിപ്പിക്കുന്ന ഘടകം

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും രോഹിത് ശർമയുടെ വിരമിക്കലിന് പിന്നാലെ പുതിയ നായകനെ തിരയുകയാണ് ടീം ഇന്ത്യ. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന പരമ്പരയിലേക്ക് ശുഭ്മൻ ​ഗില്ലിനെ ക്യാപ്റ്റനായും റിഷഭ് പന്തിനെ ഉപനായകനായും പരി​ഗണിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുംമ്രയെ ബിസിസിഐ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരി​ഗണിക്കുന്നില്ലെന്നും സൂചനകളുണ്ട്.

ബുംമ്രയെ തുടർച്ചയായി പരിക്കുകൾ അലട്ടുന്നത് താരത്തെ ദീർഘകാലത്തേയ്ക്ക് ടെസ്റ്റ് നായകനായി തിരഞ്ഞെടുക്കുന്നതിൽ നിന്നും ബിസിസിഐയെ പിന്തിരിപ്പിക്കുന്ന ഘടകം. വിദേശ സാഹചര്യങ്ങളിൽ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളെന്നതാണ് റിഷഭ് പന്തിന് അനുകൂലമാകുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ മികച്ച പ്രകടനം റിഷഭ് പന്ത് പുറത്തെടുത്തിരുന്നു. 42ന് മുകളിലാണ് ഈ രാജ്യങ്ങളിൽ പന്തിന്റെ ബാറ്റിങ് ശരാശരി.

പരിചയ സമ്പന്നനായ കെ എൽ രാഹുലിനെയും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഇതിനോടകം 33 വയസ് പിന്നിട്ടിരിക്കുന്നു. ബാറ്റിങ്ങിൽ സ്ഥിരതപുലർത്താത്തതും രാഹുലിനെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരി​ഗണിക്കാത്തതിന് കാരണമായി.

Content Highlights: Gill-Pant to Captain India's Test Team

To advertise here,contact us