മെയ് 25 മുതൽ ജൂൺ മൂന്ന് വരെ പാകിസ്താനിൽ നിശ്ചയിച്ചിരിക്കുന്ന ട്വന്റി 20 പരമ്പരയിൽ കളിക്കുമോയെന്ന് സ്ഥിരീകരിക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ്. ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രതിസന്ധി ഉണ്ടായേക്കുമെന്നാണ് ബംഗ്ലാദേശ് ടീമിന്റെ ആശങ്ക. എന്നാൽ ഇതിന് മുമ്പ് മെയ് 17, 19 തിയതികളിൽ യുഎഇയ്ക്കെതിരെ ഷാർജയിൽ നടക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളിൽ കളിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് സ്ഥിരീകരിക്കുന്നുണ്ട്.
ട്വന്റി 20 പരമ്പര കളിക്കുന്ന കാര്യത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നിർണായക ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുയാണ്. താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും സുരക്ഷയാണ് പ്രധാനമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
അതിനിടെ ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മെയ് 18നായിരുന്നു പിഎസ്എൽ അവസാനിക്കേണ്ട തിയതി. പിഎസ്എല്ലിൽ ഇനി എട്ട് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്.
Content Highlights: Bangladesh yet to decide Pakistan tour amid security threats