അതിര്ത്തിയില് ഇന്ത്യ-പാകിസ്താന് സംഘര്ഷങ്ങള് രൂക്ഷമായ പശ്ചാത്തലത്തില് ഐപിഎല് മത്സരങ്ങള് ഒരാഴ്ച്ചത്തേക്ക് നിര്ത്തിവെക്കാന് ബിസിസിഐ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. രാജ്യത്തെ സംരക്ഷിച്ചുനിർത്തുന്നതിൽ ഇന്ത്യൻ സൈന്യത്തിന് നന്ദിയെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് ആദ്യ മുൻഗണനയെന്നും അത് കഴിഞ്ഞിട്ട് ക്രിക്കറ്റ് മതിയെന്നും പാണ്ഡ്യ എക്സിൽ കുറിച്ചു.
അതേ സമയം ഐപിഎൽ 2025 ലെ മത്സരങ്ങൾ ഒരാഴ്ച്ചത്തേക്ക് മാറ്റിവെച്ചതായി ബിസിസിഐ അറിയിച്ചിരുന്നു. കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യത്തില് മത്സരം നടത്താനാകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
പഹല്ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര് സൈനിക നടപടിക്ക് ശേഷം അതിര്ത്തിയില് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇന്ത്യ-പാക് സംഘര്ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. ഐപിഎല്ലില് ഇന്നലെ ഹിമാചല്പ്രദേശിലെ ധരംശാലയില് നടന്ന പഞ്ചാബ് കിംഗ്സ്-ഡല്ഹി ക്യാപ്റ്റല്സ് മത്സരം അതിര്ത്തിയിലെ സംഘര്ഷത്തെത്തുടര്ന്ന് പൂര്ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ഡല്ഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യല്സിന് അതിര്ത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകള് ഓഫായി. ഉടന് മത്സരവും നിര്ത്തിവച്ചു.
ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകര് സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇന്ത്യ-പാകിസ്താന് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് വിദേശകളിക്കാരെല്ലാം സുരക്ഷയില് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന് പലരും അനുമതി ചോദിക്കുകയും ചെയ്തിരുന്നു. ഐപിഎല് പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള് കൂടി പൂര്ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് നിര്ണായക തീരുമാനത്തിന് ബിസിസിഐ ഒരുങ്ങിയത്.
Content Highlights: 'Thank you for protecting': Hardik Pandya salutes India's armed forces amid India-Pakistan tensions