ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തില് പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ്-ഡല്ഹി ക്യാപിറ്റല്സ് മത്സരം വീണ്ടും നടത്താൻ ബിസിസിഐ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്നലെ ഐപിഎല് നിര്ത്തിവെക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള് ടൂര്ണമെന്റ് ഒരാഴ്ചത്തേക്ക് നിര്ത്തിവെക്കുന്നുവെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ഒരാഴ്ചക്കുശേഷം ടൂര്ണമെന്റ് വീണ്ടും തുടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിസിസിഐ ഇപ്പോള്. ആ സമയത്താവും വീണ്ടും ഈ മത്സരം നടത്തുക.
വ്യാഴാഴ്ച ഹിമാചലിലെ ധരംശാലയില് പഞ്ചാബ്-ഡല്ഹി പോരാട്ടത്തില് പഞ്ചാബിന്റെ ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് അതിര്ത്തി സംഘര്ഷത്തെത്തുടര്ന്ന് മത്സരം നിര്ത്തിവെച്ചത്. ശേഷം ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ച ഉടനെ സ്റ്റേഡിയത്തിലെ ലൈറ്റുകള് അണച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന് നിര്ദേശിക്കുകയും ചെയ്തു. ശേഷം താരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫിനെയും പ്രത്യേക ട്രെയിൻ വഴി സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല് ഈ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതായി ഐപിഎല് രേഖപ്പെടുത്തിയിട്ടില്ല. ഇരു ടീമുകള്ക്കും പോയിന്റ് പങ്കിട്ടു നല്കിയിട്ടുമില്ല. ആദ്യ ഏഴ് ടീമുകള്ക്കും ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുള്ളതിനാല് മത്സരം ഉപേക്ഷിക്കുന്നത് ടീമുകളുടെ മുന്നേറ്റത്തെ ബാധിക്കുമെന്നതിനാലാണ് പഞ്ചാബ്-ഡല്ഹി പോരാട്ടം വീണ്ടും നടത്തുന്നത്. പോയന്റ് പട്ടികയില് 11 കളിയില് 15 പോയിന്റുമായി പഞ്ചാബ് മൂന്നാമതും 11 കളികളില് 13 പോയിന്റുമായി ഡല്ഹി അഞ്ചാമതുമാണ്.
Content Highlights: Punjab Kings-Delhi Capitals Game To Be Replayed When IPL 2025 Resumes: Report