ഐപിഎല്‍ 2025: പഞ്ചാബ്-ഡല്‍ഹി താരങ്ങള്‍ ധരംശാലയില്‍ നിന്ന് ഡല്‍ഹിയിലെത്തി; വീഡിയോ

ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഐപിഎല്‍ നിര്‍ത്തിവെച്ചത്

ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് കിംഗ്‌സിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും താരങ്ങള്‍ ഡല്‍ഹിയിലെത്തി. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് തലസ്ഥാന നഗരിയില്‍ സുരക്ഷിതരായി എത്തിയത്.

VIDEO | IPL 2025: Players of Delhi Capitals and Punjab Kings arrive in Delhi. (n/1) Earlier today, the IPL was suspended for a week due to the escalating military confrontation between India and Pakistan.(Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/JW1vhRgQZp

കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും സുരക്ഷിതരാണെന്ന് പിബികെഎസ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രസ്താവന പുറത്തിറക്കി. ഇരു ടീമുകളിലെയും കളിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കിയതിന് ബിസിസിഐ, ഐപിഎല്‍, ഇന്ത്യന്‍ റെയില്‍വേ, പൊലീസ് എന്നിവരോടും അവര്‍ നന്ദി പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായതോടെ വ്യാഴാഴ്ച പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവച്ചിരുന്നു. ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഐപിഎല്‍ നിര്‍ത്തിവെച്ചത്. ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ച ഉടനെ സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ശേഷം താരങ്ങളെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും പ്രത്യേക ട്രെയിന്‍ വഴി സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

ഇപ്പോഴിതാ വേഗത്തിലുള്ള അവസരോചിത നടപടിക്ക് ഇന്ത്യന്‍ റെയില്‍വേയോട് നന്ദി പറയുകയാണ് ബിസിസിഐ. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ബിസിസിഐ ഷെയര്‍ ചെയ്തു. വീഡിയോയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ കുല്‍ദീപ് യാദവും സംസാരിക്കുന്നുണ്ട്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിന്റെ ആദ്യ 10.1 ഓവറിനുശേഷമാണ് മത്സരം നിര്‍ത്തിവെക്കുന്നത്. കളിക്കാരെ റോഡ് മാര്‍ഗം 85 കിലോമീറ്റര്‍ അകലെയുള്ള പത്താന്‍കോട്ടിലേക്ക് വേഗത്തില്‍ കൊണ്ടുപോയി. അവിടെ നിന്ന് അവര്‍ ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിനില്‍ കയറി. വന്ദേഭാരത് ട്രെയിനാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരുന്നത്.

Content Highlights: PBKS, DC players arrive in Delhi from Dharamshala after IPL 2025 suspension

To advertise here,contact us