റിഷഭ് പന്ത് ഒരിക്കലും സമ്മര്‍ദ്ദത്തിലല്ല; ലഖ്‌നൗ നായകനെ കുറിച്ച് മായങ്ക് യാദവ്

സീസണില്‍ ടീമിന്റെ പ്രകടനത്തെ കുറിച്ചും ഭാവിയെ കുറിച്ചും യുവ പേസ് സെന്‍സേഷന്‍ സംസാരിക്കുകയും ചെയ്തു

ഐപിഎല്ലില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ലഖ്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ പിന്തുണച്ച് പേസര്‍ മായങ്ക് യാദവ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ പന്ത് സമ്മര്‍ദ്ദത്തിലാണെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് യാദവിന്റെ പ്രതികരണം. സീസണില്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും യുവ പേസ് സെന്‍സേഷന്‍ സംസാരിക്കുകയും ചെയ്തു.

'ഡല്‍ഹിയില്‍ ഞങ്ങള്‍ ഒരേ ക്ലബ്ബില്‍ കളിക്കുന്നതിനാല്‍ റിഷഭ് ഭയ്യയെ എനിക്ക് കുറച്ചു കാലമായി അറിയാം. പരസ്പരം സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം സമ്മര്‍ദ്ദത്തിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. മത്സരത്തെക്കുറിച്ചും സീസണിലെ സാഹചര്യത്തെക്കുറിച്ചും എതിര്‍ ടീമിലെ ബാറ്റര്‍മാരെക്കുറിച്ചുമെല്ലാം വളരെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്', മായങ്ക് പറഞ്ഞു.

'മൈതാനങ്ങളും വിക്കറ്റുകളും വിലയിരുത്തുന്നതില്‍ ഞങ്ങള്‍ അല്‍പ്പം വൈകി. അവിടെ ഞങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചുവെന്നും ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഇനിയും മൂന്ന് മത്സരങ്ങളുണ്ട്. അത് ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്,' മായങ്ക് കൂട്ടിച്ചേര്‍ത്തു.

അതേസമയം 2025 ഐപിഎല്‍ സീസണില്‍ വളരെ നിരാശാജനകമായ പ്രകടനമാണ് ലഖ്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. സീസണിലാകെ 11 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി അടക്കം 128 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. വിക്കറ്റിന് പിന്നിലും നിരാശാജനകമായ പ്രകടനം പുറത്തെടുക്കുന്ന പന്തിന്റെ മോശം ഫോം വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കു ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയ റിഷഭ് പന്തിനു തന്റെ തുകയോടു നീതി പുലര്‍ത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. സീസണിലെ ആദ്യ മത്സരങ്ങളില്‍ നിക്കോളാസ് പുരാന്റെയും മിച്ചല്‍ മാര്‍ഷിന്റെയും ബാറ്റിംഗ് മികവില്‍ മുന്നേറിയെങ്കിലും പിന്നീട് ഇരുവരും നിറം മങ്ങിയതോടെ തിരിച്ചടി നേരിട്ട ലഖ്‌നൗ ഇപ്പോള്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്നതിന്റെ വക്കിലുമാണ്.

Content Highlights: Rishabh Pant is never under pressure: Mayank Yadav backs struggling LSG skipper

To advertise here,contact us