ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്നാണ് വരുണിന് ബിസിസിഐ പിഴ ചുമത്തിയത്. മത്സരത്തിലെ മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 25% പിഴ ശിക്ഷയും ഒരു ഡീമെറിറ്റ് പോയിന്റും മാച്ച് റഫറി വിധിക്കുകയായിരുന്നു.
Varun Chakravarthy Penalized ⚠️ KKR's Varun Chakravarthy breaches IPL Code of Conduct during CSK clash! 🤦♂️ #VarunChakravarthy #IPL pic.twitter.com/gqfw2AmcJo
ഈഡൻ ഗാർഡൻസിൽ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ പോരാട്ടത്തിൽ കൊൽക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റാണ് വരുൺ ചക്രവർത്തി വീഴ്ത്തിയത്. രവീന്ദ്ര ജഡേജയുടെയും തകർപ്പൻ ഫോമിൽ ബാറ്റുവീശിയ ഡെവാൾഡ് ബ്രെവിസിന്റെയും വിക്കറ്റുകളാണ് വരുൺ സ്വന്തമാക്കിയത്. 25 പന്തിൽ 52 റൺസ് നേടിയ ബ്രെവിസിന്റെ വിക്കറ്റ് കെകെആറിന് ഈ മത്സരത്തിൽ വളരെ പ്രധാനമായിരുന്നു.
എന്നാല് ബ്രെവിസിനെ പുറത്താക്കിയതിനു ശേഷം വരുൺ ചക്രവർത്തി നടത്തിയ ആഘോഷമാണ് ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായത്. ബ്രെവിസിനോട് മൈതാനം വിട്ടുപോകാൻ വരുൺ ചക്രവർത്തി ആംഗ്യം കാണിക്കുകയായിരുന്നു. ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 തെറ്റാണ് മാച്ചിനിടയിൽ താരം ചെയ്തത്. ബാറ്റർ പുറത്താകുമ്പോൾ പ്രകോപനപരമായ വാക്കുകളോ ആക്ഷനോ ആംഗ്യമോ താരത്തിന് നേരെ കാണിക്കുന്നതാണ് ലെവൽ 1 തെറ്റ്.
Varun Chakravarthy celebration after taking Brevis wicket🔥🔥 pic.twitter.com/f99GGbvyzF
അതേസമയം ഈഡൻ ഗാർഡൻസിൽ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ പോരാട്ടത്തിൽ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളെ ഇല്ലാതാക്കി ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കിയിരുന്നു. കൊൽക്കത്തയെ രണ്ട് വിക്കറ്റിന് കീഴടക്കിയ ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് യുവതാരം ബ്രെവിസിന്റെ തകർപ്പൻ അർധസെഞ്ച്വറിയായിരുന്നു.
പരാജയത്തോടെ കെകെആറിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിൽ അപകടകാരിയായ ബ്രെവിസിന്റെ വിക്കറ്റെടുത്തതിന് പിന്നാലെ ഐപിഎല്ലിൽ 100 വിക്കറ്റ് എന്ന നേട്ടവും വരുൺ ചക്രവർത്തി സ്വന്തമാക്കിയിരുന്നു.
Content Highlights: Varun Chakaravarthy Fined For Breaching IPL Code Of Conduct Against CSK