വിരമിക്കല്‍ തീരുമാനം; രോഹിത്‌-കോഹ്‌ലി സഖ്യത്തിന് ക്രിക്കറ്റിലെ അപൂര്‍വനേട്ടം നഷ്ടമായത് വെറും ഒരു റണ്‍സകലെ

വിവിധ ഫോർമാറ്റുകളിലായി പല മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹിറ്റ് കോംബോയാണ് രോ-കോ സഖ്യം

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരായ രോഹിത് ശർമയും വിരാട് കോഹ്ലിയും കളിക്കളത്തിനകത്തും പുറത്തും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്. വിവിധ ഫോർമാറ്റുകളിലായി പല മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹിറ്റ് കോംബോയാണ് രോ-കോ സഖ്യം. 2024ലെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇരുതാരങ്ങളും ഒരുമിച്ചാണ് ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ‌ ടെസ്റ്റ് ഫോർമാറ്റിൽ നിന്നുള്ള രോഹിത് ശർമയുടെ വിരമിക്കൽ വളരെ അപ്രതീക്ഷിതമായിരുന്നു.

അതേസമയം രോഹിത്-കോഹ്ലി കൂട്ടുകെട്ട് ക്രിക്കറ്റിലെ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വെറും ഒരു റണ്‍സ് അകലെ നില്‍ക്കുമ്പോഴാണ് ടെസ്റ്റില്‍ നിന്നും രോഹിത് വിരമിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3 ഫോര്‍മാറ്റിലുമായി 1000 റണ്‍സ് കൂട്ടുകെട്ട് പടുത്തുയർത്തിയ താരങ്ങള്‍ ആരുമില്ല. എന്നാൽ ഈ നേട്ടത്തിന് ഒരു റണ്‍സ് അകലെ മാത്രം വെച്ചാണ് രോഹിത്തിന്റെ വിരമിക്കല്‍.

ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി 5315 റണ്‍സാണ് രോഹിത്- കോഹ്ലി സഖ്യം സ്വന്തമാക്കിയിട്ടുള്ളത്. ടി20യിൽ 1350 റണ്‍സും ഇരുവരും ചേര്‍ന്ന് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഇത് 999 റണ്‍സായിരുന്നു. ഒരു റണ്‍സ് കൂടി നേടാനായാല്‍ ക്രിക്കറ്റിലെ 3 ഫോര്‍മാറ്റിലുമായി 1000 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന താരങ്ങളെന്ന അപൂർവ നേട്ടം രോഹിത്- കോഹ്ലി എന്നിവര്‍ക്ക് സ്വന്തമാക്കാമായിരുന്നു.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നെന്ന തീരുമാനം അറിയിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് താരത്തിന്റെ പ്രഖ്യാപനം. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

Content Highlights: Rohit Sharma’s Test Exit Stops Legendary Duo Of Him And Virat Kohli From Setting This Unique Record

To advertise here,contact us