'മുമ്പ് കമന്ററിയിൽ ക്രിക്കറ്റായിരുന്നു ചർച്ച, ഇപ്പോൾ എല്ലാവർക്കും വേണ്ടത് വ്യൂവർഷിപ്പ്'; രോഹിത് ശർമ

'ഇക്കാലത്ത്, ടെലിവിഷനിൽ കമന്റേറ്റർമാർ സംസാരിക്കുന്ന രീതി നിരാശാജനകമാണ്'

ക്രിക്കറ്റ് കമന്ററിയെയും മീഡിയ കവറേജിനെയും വിമർശിച്ച് ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. 'മാധ്യമങ്ങളിൽ ഇപ്പോൾ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നും എല്ലാവർക്കും വ്യൂവർഷിപ്പ് മാത്രമാണ് വേണ്ടതെന്നുമാണ് രോഹിത് പറയുന്നത്. മുൻപ് ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ് റിപ്പോർട്ടിങ് നടന്നിരുന്നത്. ചർച്ചകൾ ക്രിക്കറ്റിനെ സംബന്ധിച്ചായിരുന്നു. അത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ക്രിക്കറ്റിന്റെ മീഡിയ കവറേജിൽ ലക്ഷ്യംവെയ്ക്കുന്നത് വ്യൂവർഷിപ്പാണ്. ലേഖനങ്ങൾ എങ്ങനെ കൂടുതൽപേരെകൊണ്ട് വായിപ്പിക്കാൻ കഴിയാം എന്നതാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇപ്പോൾ ക്രിക്കറ്റിനെക്കുറിച്ച് വളരെ കുറച്ച് നല്ല സംഭാഷണങ്ങളെ നടക്കുന്നുള്ളൂ.' രോഹിത് ശർമ സീനിയർ ജേർണലിസ്റ്റ് വിമൽകുമാറിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

'ഇക്കാലത്ത്, ടെലിവിഷനിൽ കമന്റേറ്റർമാർ സംസാരിക്കുന്ന രീതി നിരാശാജനകമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോൾ കമന്ററി മറ്റൊരു തലത്തിലാണ്. ഇന്ത്യയുടെ കളിക്കാരെ കുറ്റപ്പെടുത്തുകയും നെഗറ്റീവായി സംസാരിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് തോന്നുന്നു.' രോഹിത് കൂട്ടിച്ചേർത്തു.

ഇന്നലെ വൈകുന്നേരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമ വിരമിച്ചിരുന്നു. കരിയറിൽ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും ഏകദിന ക്രിക്കറ്റിൽ ഇനിയും തുടരുമെന്നും രോഹിത് അറിയിച്ചിട്ടുണ്ട്. അതിനിടെ ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ഉണ്ടാവില്ലെന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്.

Content Highlights: Rohit Sharma says he is disappointed on commantary and media coverage

To advertise here,contact us