അപ്രതീക്ഷിത വിരമിക്കല്‍ ബിസിസിഐയെ ഞെട്ടിച്ചു; രോഹിത് മെയില്‍ അയച്ചിരുന്നെന്ന് റിപ്പോർട്ട്

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയെന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ അപ്രതീക്ഷിത തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിരുന്നെന്ന് റിപ്പോർട്ട്. രോഹിതിന്റെ നടപടി ബിസിസിഐ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി ക്രിക്ബസാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച രാവിലെ രോഹിത് ബിസിസിഐയ്ക്ക് ഒരു ഇമെയില്‍ അയച്ചിരുന്നു. എന്നാൽ വൈകുന്നേരം തന്നെ രോഹിത് തൻ്റെ തീരുമാനം അറിയിക്കുകയായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഏപ്രില്‍ 7 ബുധനാഴ്ച വൈകുന്നേരം രോഹിത് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒരു പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മാധ്യമങ്ങളെ കണ്ട് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് പകരമാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ രോഹിത് തന്റെ തീരുമാനം പുറത്തുവിട്ടത്.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് താരത്തിന്റെ പ്രഖ്യാപനം. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഇത്രയും വര്‍ഷം നിങ്ങള്‍ സമ്മാനിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും', രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: Rohit Sharma Email That Shocked BCCI Before Retirement Announcement

To advertise here,contact us