രാജസ്ഥാൻ റോയൽസിന്റെ സൂപ്പർ താരം നിതീഷ് റാണ പരിക്കുമൂലം ഐപിഎൽ 2025 സീസണിൽ നിന്ന് പുറത്ത്. നിതീഷ് റാണയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ യുവ ബാറ്റ്സ്മാൻ ലുയാൻ ഡ്രെ പ്രിട്ടോറിയസിനെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചു.
12 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളും ഒമ്പത് തോൽവികളുമായി വെറും ആറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ. പ്ലേ ഓഫ് സാധ്യത ഇതിനകം തന്നെ അവസാനിച്ചിട്ടുണ്ട്. ഈ സീസണിൽ രാജസ്ഥാനു വേണ്ടി 11 മത്സരങ്ങളിൽ നിന്ന് റാണ കളിച്ചു. 21.70 ശരാശരിയിൽ 217 റൺസും ഏകദേശം 162 സ്ട്രൈക്ക് റേറ്റും നേടി. രണ്ട് അർധ സെഞ്ച്വറികളും നേടി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ 81 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ.
അതേ സമയം 19 കാരനായ ലുയാൻ 33 ടി20 മത്സരങ്ങളിൽ നിന്ന് 911 റൺസ് നേടിയിട്ടുണ്ട്. ഈ വർഷമാദ്യം SA20 ലീഗിൽ പാൾ റോയൽസിനായി അരങ്ങേറ്റം കുറിച്ചു. SA20 ലെ പാൾ ഫ്രാഞ്ചൈസിയും രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥരുടെ കീഴിലുള്ളതാണ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ ഇപ്പോൾ വാങ്ങിയത്.
Content Highlights:IPL 2025: Injured Nitish Rana ruled out from Rajasthan Royals squad, replacement announced