ഇന്ത്യ-പാകിസ്താന് ബന്ധം വഷളായ സാഹചര്യത്തിൽ പാകിസ്താൻ സൂപ്പർ ലീഗിലും പ്രതിസന്ധി ഉടലെടുത്തതായി റിപ്പോർട്ട്. പഹല്ഗാമിലെ തീവ്രവാദ ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില് ഇന്ത്യ ഓപ്പറേഷന് സിന്ദൂര് എന്ന പേരില് മിസൈല് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന് ഇന്ത്യയുടെ അതിര്ത്തി ഗ്രാമങ്ങളില് പ്രത്യാക്രമണം നടത്തിയിരുന്നു.
ഈ സംഘര്ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പിഎസ്എല്ലിൽ ആശങ്ക ഉയരുന്നത്. യുദ്ധസമാന അന്തരീക്ഷത്തിൽ വിദേശ താരങ്ങളുടെ സുരക്ഷയില് വിവിധ ക്രിക്കറ്റ് ബോര്ഡുകള് ആശങ്ക പങ്കുവെച്ചു.
പിഎസ്എല്ലില് കളിക്കുന്ന തങ്ങളുടെ താരങ്ങളുടെ സുരക്ഷയില് ബംഗ്ലാദേശ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്ഡുകള് പിസിബിയെ ആശങ്ക അറിയിച്ചുവെന്നാണ് വിവരം. പിഎസ്എല്ലിന് ശേഷം നടക്കാനിരിക്കുന്ന ബംഗ്ലാദേശ്-പാകിസ്താന് ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്. ടീമിനെ അയക്കണമോയെന്ന കാര്യത്തില് വരും ദിവസങ്ങളിലെ സാഹചര്യം കൂടി നിരീക്ഷിക്കാന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് തീരുമാനിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം വിദേശ താരങ്ങളുടെ സുരക്ഷയിൽ പ്രതികരിച്ച് പിസിബി രംഗത്തെത്തുകയും ചെയ്തു. പിഎസ്എല് വിടണമെന്ന അപേക്ഷയുമായി ഇതുവരെ ഒരു വിദേശതാരവും വന്നിട്ടില്ലെന്നാണ് ഒരു പാക് ക്രിക്കറ്റ് ബോര്ഡംഗം പ്രതികരിച്ചത്. ഫ്രാഞ്ചൈസികളോട് അത്തരത്തിലുള്ള വിഷയം വിദേശതാരങ്ങള് സൂചിപ്പിച്ചിട്ടില്ലെന്ന് മീഡിയ മാനേജര്മാരും വ്യക്തമാക്കുന്നു. ലീഗില് ആറ് ഫ്രാഞ്ചൈസികളാണ് കളിക്കുന്നത്. ഓരോ ടീമിലും ആറോളം വിദേശതാരങ്ങളാണ് പിഎസ്എല്ലില് കളിക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ടൂര്ണമെന്റ് പൂര്ത്തിയാക്കുമെന്നാണ് പിഎസ്എല് അധികൃതര് അറിയിച്ചിരിക്കുന്നത്.
Content Highlights: PCB breaks silence on 'Operation Sindoor' affecting PSL, overseas stars' participation