ഇംഗ്ലണ്ട് ക്രിക്കറ്റിൽ നടന്ന അപൂർവ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. റണ്ണിനായി ഓടുന്നതിനിടെ ബാറ്ററുടെ പോക്കറ്റിൽ നിന്ന് സ്മാര്‍ട്ട്ഫോണ്‍ മൈതാനത്ത് വീഴുന്നതാണ് അത്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ലങ്കാഷെയര്‍-ഗ്ലോസെസ്റ്റര്‍ഷെയര്‍ മത്സരത്തിനിടെയായിരുന്നു ആ നിമിഷം.
റണ്‍സെടുക്കാൻ ഒടുന്നതിനിടെ ലങ്കാഷെയര്‍ താരം ടോം ബെയിലിയുടെ പോക്കറ്റില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍ മൈതാനത്ത് വീണു.
pic.twitter.com/kO8QDoqqnW
മത്സരത്തിന്റെ 114-ാം ഓവറിലായിരുന്നു ഇതുണ്ടായത്. ആദ്യം ഇത് കമന്റേറ്റര്‍മാരുടെ ശ്രദ്ധയിലാണ് പെട്ടത്. അയാളുടെ പോക്കറ്റില്‍ നിന്ന് എന്തോ ഒന്ന് പുറത്തേക്ക് വീണിരിക്കുന്നു, അത് ഒരു മൊബൈല്‍ ഫോണാണെന്നാണ് തോന്നുന്നത്, ഒരു കമന്റേറ്റര്‍ പറഞ്ഞു. അതിനൊരു സാധ്യതയുമില്ലെന്നായിരുന്നു മറ്റൊരു കമന്റേറ്റര്‍ അഭിപ്രായപ്പെട്ടത്. മത്സരത്തില്‍ 31 പന്തില്‍ 22 റണ്‍സെടുത്ത് ബെയിലി പുറത്താകാതെ നിന്നു.
വീഡിയോ വൈറലായതോടെ പ്രതികരണവുമായി പല മുൻതാരങ്ങളും സമൂഹ മാധ്യമങ്ങളിലെത്തി. ടീമിന്റെ സോഷ്യല്‍ മീഡിയ കൈകാര്യ ചെയ്യുന്നത് ബെയിലി ആയിരിക്കണം അതുകൊണ്ടാണ് ഫോണുമായി ക്രീസിലെത്തേണ്ടി വന്നതെന്നാണ് ഉയർന്ന ഒരു ട്രോൾ. അതേ സമയം ഗ്രൗണ്ടിൽ പാലിക്കേണ്ട നിയമാവലി ലംഘിച്ചതിന് താരത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
Content Highlights: County Batter's Mobile Phone Falls in ground