ഐപിഎൽ 2025 സീസണിൽ മോശം ഫോമിൽ തുടരുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് ഉപദേശവുമായി ഇന്ത്യൻ ഇതിഹാസം വിരേന്ദർ സെവാഗ്. റിഷഭ് പന്ത് താൻ ഫോമിലുണ്ടായ സമയത്തെ പഴയ വീഡിയോകൾ സ്വയം എടുത്ത് കാണണമെന്നും അതിലെ വ്യത്യാസങ്ങൾ മനസ്സിലാക്കി തിരിച്ചുവരാൻ ശ്രമിക്കണമെന്നും സെവാഗ് പറഞ്ഞു.
'പന്ത് ഇപ്പോൾ കളിക്കുന്നത് തീർത്തും ലോജിക്കില്ലാതെയാണ്. പല യുവതാരങ്ങളും സീസണിൽ പ്രതീക്ഷിച്ചതിനും മേലെ പ്രകടനം കാഴ്ച്ച വെക്കുമ്പോൾ മോശം ഷോട്ടുകൾക്ക് ശ്രമിച്ചാണ് പന്ത് പുറത്താകുന്നത്. പഴയ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണുന്നത് അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യപ്പെടാൻ സഹായിക്കുമെന്നും' സെവാഗ് പറഞ്ഞു. വേണമെങ്കിൽ അദ്ദേഹത്തിന്റെ ആരാധനാപാത്രമായ ധോണിയെ വിളിച്ച് ഇക്കാര്യത്തിൽ ഒരു മാർഗ നിർദേശമെടുക്കാമെന്നും സെവാഗ് പറഞ്ഞു.
ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പന്ത്
കാഴ്ചവെച്ചത്. 17 പന്തിൽ 18 റൺസാണ് താരം നേടിയത്. അസ്മത്തുള്ളയുടെ പന്തിൽ ശശാങ്ക് സിങ്ങിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതിനകം കളിച്ച പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 12 റൺസ് ശരാശരിയിൽ 128 റൺസ് മാത്രമാണ് പന്തിന് നേടാനായിട്ടുള്ളത്. 129 പന്തുകൾ നേരിട്ട പന്തിന്റെ സ്ട്രൈക്ക് റേറ്റ് നൂറിനും താഴെയാണ്. ഒരു ഫിഫ്റ്റിയാണ് ആകെ പറയാനുള്ള നേട്ടം.
കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ട റിഷഭ് പന്തിനെ മെഗാ ലേലത്തില്‍ 27 കോടിയെന്ന ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട കെഎല്‍ രാഹുലിന് പകരം അദ്ദേഹത്തിന് നായകസ്ഥാനം നല്‍കുകയും ചെയ്തു. എന്നാൽ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതീക്ഷയുടെ ഒരു ശതമാനം പോലും മികവിലേക്ക് ഉയരാൻ പന്തിനായിട്ടില്ല.
Content Highlights:'Call Dhoni, watch old videos' Virender Sehwag's advice to out-of-form Rishabh Pant