ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. ആതിഥേയരായ ശ്രീലങ്കയോട് മൂന്നു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ തോറ്റത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ അഞ്ച് പന്തും മൂന്നു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.
മൂന്നു കളികളിൽനിന്ന് രണ്ടു ജയം വീതം നേടിയ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇതോടെ നാലു പോയിന്റ് വീതമായി. രണ്ടു കളികളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് പോയിന്റ് ഒന്നുമില്ല.അർധ സെഞ്ച്വറി നേടിയ നീലാക്ഷി ഡിസിൽവ (56), ഹർഷിത സമരവിക്രമ (53) എന്നിവരുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി സ്നേഹ റാണ 10 ഓവറിൽ 45 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, അർധസെഞ്ചറി നേടിയ റിച്ച ഘോഷാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. റിച്ച 48 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സു സഹിതം 58 റൺസെടുത്ത് പുറത്തായി. പ്രതിക റാവൽ (35), ഹർലീൻ ഡിയോൾ (29), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (30), ജമീമ റോഡ്രിഗസ് (37), ദീപ്തി ശർമ (24), സ്മൃതി മന്ദന (18) എന്നിവരും തിളങ്ങി. ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു 10 ഓവറിൽ 43 റൺസ് വഴങ്ങിയും സുഗന്ധിക കുമാരി 10 ഓവറിൽ 44 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Sri Lanka Women vs India Women,