ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ് താരം യൂസ്വേന്ദ്ര ചഹൽ. ഐപിഎല്ലിൽ ചഹലിന്റെ രണ്ടാമത്തെ ഹാട്രികാണിത്. ഐപിഎൽ ചരിത്രത്തിൽ രണ്ട് ഹാട്രിക് നേടുന്ന നാലാമത്തെ താരമാണ് ചഹൽ. മുമ്പ് രോഹിത് ശർമ, യുവരാജ് സിങ് എന്നിവർ ഐപിഎല്ലിൽ രണ്ട് ഹാട്രിക് നേട്ടം സ്വന്തമാക്കിയവരാണ്. അമിത് മിശ്രയ്ക്ക് മൂന്ന് ഹാട്രിക് നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞു.
2008ലെ പ്രഥമ ഐപിഎല്ലിൽ തന്നെ ആദ്യ ഹാട്രിക് പിറന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ പേസറായിരുന്ന ലക്ഷ്മിപതി ബാലാജി പഞ്ചാബ് കിങ്സിനെതിരെയായിരുന്നു ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. അതേ സീസണിൽ ഡെക്കാൻ ചാർജേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് താരമായി അമിത് മിശ്ര തന്റെ കരിയറിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കി.
2009ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദിനെതിരെയും യുവരാജ് സിങ് ഹാട്രിക് നേട്ടം സ്വന്തമാക്കി. അന്നത്തെ കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്നു യുവരാജ്. 2010ൽ ഡെക്കാൻ ചാർജേഴ്സിന് വേണ്ടി കരിയറിലെ രണ്ടാം ഹാട്രിക് നേടുമ്പോൾ അമിത് മിശ്ര കിങ്സ് ഇലവൻ പഞ്ചാബ് (പഞ്ചാബ് കിങ്സ്) താരമായിരുന്നു. പൂനെ വാരിയേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായി 2013ലാണ് അമിത് മിശ്ര കരിയറിലെ മൂന്നാമത്തെ ഹാട്രിക് സ്വന്തമാക്കിയത്.
Content Highlights: Yuzi Chahal is the fourth player bagged two IPL hat-trick