ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് സൂര്യവംശി അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് എഴുതിയത്. രാജ്യാന്തര ട്വന്റി 20യില് സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില് വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.
ഇന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങുമ്പോൾ വൈഭവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യവംശിക്ക് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കില്ലെന്ന് രാഹുൽ ദ്രാവിഡ്. മാധ്യമസമ്മേളനത്തിൽ പറഞ്ഞു.
‘എല്ലാവർക്കും അറിയേണ്ടത് വൈഭവിനെക്കുറിച്ചാണ്. അവനു ചുറ്റും മറ്റൊരു ലോകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. വൈഭവിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. അതൊന്നും നിയന്ത്രിക്കാൻ എനിക്കു സാധിക്കില്ല. പക്ഷേ, അവന് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല', ദ്രാവിഡ് കൂട്ടിച്ചേർത്തു.
വൈഭവിന് വേണ്ട എല്ലാ പിന്തുണയും മാർഗനിർദേശവും ഞങ്ങൾ ഉറപ്പുവരുത്തും. യാതൊരു സമ്മർദവും ഇല്ലാതെ തുടർന്നും ആത്മവിശ്വാസത്തോടെ കളിക്കാൻ അവന് അവസരമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ദ്രാവിഡ് പറഞ്ഞു. അതേ സമയം ജസ്പ്രീത് ബുംമ്രയും ട്രെന്റ് ബോൾട്ടും അടങ്ങുന്ന പേസ് നിരയെ പതിനാലുകാരൻ ഇന്ന് എങ്ങനെ നേരിടുമെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
Content Highlights:rahul dravid on vaibhav suryavanshi