ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഒരൊറ്റ തോൽവി നേരിട്ടാൽ രാജസ്ഥാൻ റോയൽസ് ടൂർണമെന്റിൽ നിന്നും പുറത്താകും. എങ്കിലും ഐപിഎൽ പ്ലേ ഓഫിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിലവിലെ പോയിന്റ് ടേബിൾ അനുസരിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 10 മത്സരങ്ങളിൽ ഏഴ് വിജയം നേടിയ ആർസിബി 14 പോയിന്റാണ് നേടിയത്.
10 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് വിജയം വീതം നേടിയ പഞ്ചാബ് 13 പോയിന്റോടെ രണ്ടാമതും 12 പോയിന്റോടെ മുംബൈ മൂന്നാമതുമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ജയമടക്കം 12 പോയിന്റുള്ള ഗുജറാത്ത് നാലാം സ്ഥാനത്തുണ്ട്. 10 മത്സരങ്ങളിൽ നിന്ന് ആറ് ജയം നേടിയ ഡൽഹിക്ക് 12 പോയിന്റുണ്ട്. പഞ്ചാബ്, മുംബൈ, ഗുജറാത്ത്, ഡൽഹി ടീമുകളിൽ രണ്ട് വിജയം നേടുന്നവർക്ക് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം.
ആറാം സ്ഥാനത്തുള്ള ലഖ്നൗ, ഏഴാമതുള്ള കൊൽക്കത്ത, എട്ടാമതുള്ള രാജസ്ഥാൻ എന്നിവർ 10 മത്സരങ്ങൾ പൂർത്തിയാക്കി. ലഖ്നൗ അഞ്ചും കൊൽക്കത്ത നാലും രാജസ്ഥാൻ മൂന്നും മത്സരങ്ങൾ വിജയിച്ചു. ലഖ്നൗവിന് ഇനിയുള്ള നാലിൽ മൂന്ന് മത്സരങ്ങൾ വിജയിക്കണം. കൊൽക്കത്തയും രാജസ്ഥാനും അവശേഷിച്ച നാല് മത്സരങ്ങളും വിജയിക്കണം.
ഒമ്പതാം സ്ഥാനത്തുള്ള സൺറൈസേഴ്സ് ഹൈദരാബാദ് ഒമ്പത് മത്സരങ്ങളാണ് പൂർത്തിയാക്കിയത്. ഇനിയുള്ള അഞ്ച് മത്സരങ്ങളും വിജയിച്ചാൽ മാത്രമെ സൺറൈസേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകൾ ബാക്കിയുള്ളൂ.
Content Highlights: IPL point table scenario and hopes of teams