'ധോണിക്ക് ഇനി ഒന്നും തെളിയിക്കാനില്ല'; അടുത്ത IPL കളിക്കരുതെന്ന് ആദം ഗില്‍ക്രിസ്റ്റ്

ഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്.

ഐപിഎൽ പതിനെട്ടാം സീസണിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി വിരമിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആദം ഗില്‍ക്രിസ്റ്റ്. ക്രിക്ബസിന്റെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണി ഐപിഎല്ലിന്റെയും ലോക ക്രിക്കറ്റിന്റെയും ഒരു ഐക്കണാണെന്നും അദ്ദേഹത്തിന് ഇനി ഒന്നും തെളിയിക്കാനില്ലെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ലോക ക്രിക്കറ്റിൽ എല്ലാം നേടിയ താരമാണ് ധോണി. അത് ദേശീയ ജഴ്‌സിയിലായാലും, ക്ലബ് ജഴ്സിയിലായാലും. വ്യക്തിഗത നേട്ടങ്ങൾ നോക്കുകയാണെങ്കിലും ഇതിഹാസ തുല്യനാണ് ധോണി. എന്നാൽ ഇപ്പോൾ അദ്ദേഹം കരിയർ അവസാനിപ്പിക്കേണ്ട സമയമായിട്ടുണ്ടെന്നും അടുത്ത വർഷം ഐപിഎൽ കളിക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേർത്തു.

അതേസമയം പരിക്കേറ്റ് പുറത്തായ റുതുരാജ് ഗെയ്ക്‌വാദിന്റെ അഭാവത്തില്‍ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത് 43-കാരനായ ധോണിയാണ്. പക്ഷേ, ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതിനകം പൂർണമായും അസ്തമിച്ചു കഴിഞ്ഞു. പത്ത്കളികളില്‍ വെറും രണ്ട് ജയം മാത്രമുള്ള ചെന്നൈ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights:Adam Gilchrist urges MS Dhoni to retire from IPL

To advertise here,contact us