കോഹ്‌ലിയുടെ പ്രൈം ടൈം കഴിഞ്ഞെന്ന് വിമർശിച്ചു; സഞ്ജയ് മഞ്ജരേക്കറിനെതിരെ താരത്തിന്റെ സഹോദരൻ രംഗത്ത്

സഞ്ജയ് മഞ്ജരേക്കറിനെതിരെ കോഹ്‌ലിയുടെ സഹോദരൻ വികാസ് കോഹ്‌ലി രംഗത്ത്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ വിമർശിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്ററേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിനെതിരെ കോഹ്‌ലിയുടെ സഹോദരൻ വികാസ് കോഹ്‌ലി രംഗത്ത്. കഴിഞ്ഞ ബെംഗളൂരുവിന്റെ മത്സരത്തിന് മുന്നോടിയായി മഞ്ജരേക്കർ കോഹ്‌ലിയെ കുറിച്ച് വിവാദപരമായ പരാമർശങ്ങൾ നടത്തിയിരുന്നു.

വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംമ്ര തമ്മിലുള്ള പോരാട്ടം ഇനി മികച്ചവർ തമ്മിലുള്ള പോരാട്ടമായി കണക്കാക്കാനാവില്ലെന്നും കോഹ്‌ലിയുടെ പ്രൈം ടെെം കഴിഞ്ഞുവെന്നുമായിരുന്നു മഞ്ജരേക്കർ പറഞ്ഞിരുന്നത്. നിലവിൽ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരനാണെങ്കിലും ഐപിഎൽ 2025 ലെ മികച്ച 10 ബാറ്റര്‍മാരുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെടുന്നില്ലെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ഇതിനെതിരെയാണ് കണക്കുകൾ നിരത്തി വികാസ് കോഹ്‌ലി മറുപടി പറഞ്ഞത്. സഞ്ജയ് മഞ്ജരേക്കറുടെ ഏകദിന സ്ട്രൈക്ക് റേറ്റ് 64 മാത്രമാണെന്നും, തന്റെ സഹോദരന്റേത് 93 ആണെന്നും വികാസ് കുറിച്ചു. 200 ല്‍ കൂടുതൽ സ്ട്രൈക്ക് റേറ്റ് വേണമെന്ന് പറയാൻ എളുപ്പമാണെന്നും അദ്ദേഹം കുറിച്ചു.

ഐപിഎൽ 2025 സീസണിൽ റൺ വേട്ടയിൽ രണ്ടാമതുള്ള താരമാണ് വിരാട്. 10 മത്സരങ്ങളിൽ നിന്ന് 64 റൺസ് ശരാശരിയിൽ 443 റൺസാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 456 റൺസ് നേടിയിട്ടുള്ള സായ് സുദർശനാണ് ഒന്നാമത്. ഐപിഎല്ലിൽ 262 മത്സരങ്ങളിൽ നിന്ന് 8447 റൺസ് നേടിയിട്ടുള്ള കോഹ്‌ലിയാണ് ഓൾ ടൈം റൺ വേട്ടയിൽ മുന്നിൽ. 266 മത്സരങ്ങളിൽ നിന്ന് 6868 റൺസ് നേടിയിട്ടുള്ള രോഹിത് ശർമയാണ് രണ്ടാമത്.

Content Highlights: Virat Kohli's brother slams Sanjay Manjrekar on ipl 2025 comments

To advertise here,contact us