27 കോടിയുടെ പന്ത് മാത്രമല്ല; 24 കോടിയുടെ KKR ന്റെ വെങ്കിടേഷും IPL 2025 ൽ 'ബിഗ് ഫ്ലോപ്പ്'

മെഗാ താര ലേലത്തിൽ 24 കോടി രൂപ കൊടുത്ത് വാങ്ങിയ താരത്തിന് ഇത് വരെയും തിളങ്ങാനായിട്ടില്ല.

ഐപിഎല്‍ പതിനെട്ടാം സീസണില്‍ മോശം ബാറ്റിങ് ഫോമിന്റെ പേരിൽ പഴി കേട്ടുകൊണ്ടിരിക്കുന്ന താരമാണ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ കൂടിയായ റിഷഭ് പന്ത്. 27 കോടി രൂപക്ക് ടീമിലെത്തിയ താരത്തിന് ഇതിനകം കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് 110 റണ്‍സ് മാത്രമാണ് നേടാനായത്. 112 ബോളുകളില്‍ നിന്നാണിത്. 98.14 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്. ഇതിൽ ഒരു ഫിഫ്റ്റിയാണ് ആകെ പറയാനുള്ള നേട്ടം.

പന്തിനെ പോലെ മറ്റൊരു താരവും ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. പന്തിനെ പോലെ തന്നെ കോടിക്കണക്കിന് രൂപക്ക് കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയ താരമാണ് വെങ്കിടേഷ് അയ്യര്‍. മെഗാ താര ലേലത്തിൽ 24 കോടി രൂപ കൊടുത്ത് വാങ്ങിയ താരത്തിന് ഇത് വരെയും തിളങ്ങാനായിട്ടില്ല. സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 20 റൺസ് ശരാശരിയിൽ 142 റൺസാണ് അയ്യർ നേടിയത്. 62 റൺസ് നേടിയ ഒരൊറ്റ പ്രകടനമാണ് ഭേദപ്പെട്ടതെന്ന് പറയാനുള്ളത്.

ഐപിഎല്‍ കരിയറില്‍ സ്വപ്നതുല്യമായ തുടക്കം നേടിയ താരമാണ് വെങ്കിടേഷ് അയ്യര്‍. 2021ലെ അരങ്ങേറ്റ സീസണില്‍ 10 മത്സരങ്ങളില്‍ 370 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി. പിന്നീടുള്ള സീസണിലും മികച്ച പ്രകടനങ്ങൾ നടത്തി. കൊല്‍ക്കത്തയുടെ 2024ലെ കിരീടധാരണത്തില്‍ നിര്‍ണായക സാന്നിധ്യവുമായി.

2025ലെ മെഗാതാരലേലത്തിന് മുമ്പ് താരത്തെ നിലനിര്‍ത്താന്‍ കെകെആറിനായില്ലെങ്കിലും ലേലത്തില്‍ 23 കോടി 75 ലക്ഷം രൂപയ്ക്ക് വെങ്കിടേഷ് അയ്യരെ ടീം സ്വന്തമാക്കി. ഇതോടെ മെഗാതാരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച മൂന്നാമത്തെ താരവുമായി. പ്ളേ ഓഫ് നിലനിർത്താനുള്ള പോരാട്ടം കൊൽക്കത്ത ശക്തമാക്കുന്നതിനിടെ വെങ്കിടേഷ് അയ്യർക്ക് പഴയ ഫോം തിരിച്ചുപിടിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlights: Not only the 27 crore Pant, KKR's 24 crore Venkatesh iyer is also a 'big flop' in IPL 2025

To advertise here,contact us