'മികച്ച പ്ലാനുകളുമായി CSK വീണ്ടുമെത്തും, അടുത്ത സീസണിലും ധോണി കളിക്കും': സുരേഷ് റെയ്ന

ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് റെയ്നയുടെ പ്രതികരണം

ഐപിഎല്ലിൽ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി മഹേന്ദ്ര സിങ് ധോണി കളിക്കുമെന്ന് സ്ഥിരീകരിച്ച് മുൻ സഹതാരം സുരേഷ് റെയ്ന. അടുത്ത സീസണിൽ മികച്ച ടീമുമായി ചെന്നൈ ഐപിഎൽ കളിക്കാനെത്തുമെന്നും ധോണി ഒരു സീസൺ കൂടിയെങ്കിലും ടീമിൽ തന്നെ തുടരുമെന്നും റെയ്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

'അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് കൂടുതൽ മികച്ച ആസൂത്രണത്തോടെ ഐപിഎല്ലിനെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൂടാതെ ധോണി തീർച്ചയായും ഒരു സീസൺ കൂടി ഐപിഎൽ കളിക്കും.' റെയ്‌ന ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സ് ലേലത്തിൽ മികച്ച താരങ്ങളെ വിളിച്ചെടുക്കാതിരുന്നതിനെതിരെ റെയ്ന പ്രതികരിച്ചിരുന്നു. 'താരേലലത്തിൽ മികച്ച യുവതാരങ്ങൾ എത്രയോ ഉണ്ടായിരുന്നു. ചെന്നൈയ്ക്കെതിരെ സെ‍ഞ്ച്വറി നേടിയ പഞ്ചാബ് കിങ്സ് താരം പ്രിയൻഷ് ആര്യ ലേലത്തിൽ വന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന താരങ്ങളായ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരെല്ലാം ലേലത്തിനുണ്ടായിരുന്നു. എന്നാല്‍ പണം കയ്യിലുണ്ടായിട്ടും ഇവരെയൊന്നും സ്വന്തമാക്കാൻ ചെന്നൈ ടീം ശ്രമിച്ചില്ല. ടീം മാനേജ്മെന്റിനാണ് ഇതിന്റെ ഉത്തരവാദിത്തം.' ഇതായിരുന്നു റെയ്നയുടെ പ്രതികരണം.

ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ഏറെ മോശം പ്രകടനമാണ് നടത്തുന്നത്. ഒമ്പത് മത്സരങ്ങൾ പിന്നിടുമ്പോൾ ചെന്നൈയ്ക്ക് രണ്ടിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ് ചെന്നൈ. ഐപിഎൽ സീസണിൽ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചിരിക്കുകയാണ്.

Content Highlights: Suresh Raina Confirms MS Dhoni's IPL 2026 Plans After CSK's 2025 Debacle

To advertise here,contact us