'ക്രിക്കറ്റ് കളിക്കാരനായതിൽ ഖേദം,'; സ്റ്റേഡിയത്തിൽ നിന്ന് തന്റെ പേര് നീക്കുന്നതിനെതിരെ അസ്ഹറുദ്ദീൻ

ഹൈദരാബാദ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് അസ്ഹറിന്റെ പേരു നീക്കം ചെയ്യണമെന്ന് എച്ച്സിഎ ഓംബുഡ്സ്മാൻ കഴിഞ്ഞ ദിവസമാണ് വിധിച്ചത്

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ നീക്കത്തിനെതിരെ ബിസിസിഐക്ക് പരാതി നൽകി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ക്രിക്കറ്റ് കളിക്കാരനായതിൽ തനിക്ക് ഖേദമുണ്ടെന്നും വിഷയത്തിൽ ബിസിസിഐ അടിയന്തരമായി ഇടപെടണമെന്നും അസ്ഹർ ആവശ്യപ്പെട്ടു. ഹൈദരാബാദ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് അസ്ഹറിന്റെ പേരു നീക്കം ചെയ്യണമെന്ന് എച്ച്സിഎ ഓംബുഡ്സ്മാൻ കഴിഞ്ഞ ദിവസമാണ് വിധിച്ചത്.

‘പറയുന്നതിൽ വിഷമമുണ്ട്. എങ്കിലും പറയാതെ പറ്റില്ല. ക്രിക്കറ്റിലേക്ക് വരാനുള്ള തീരുമാനത്തെയോർത്ത് ഞാൻ ഖേദിക്കുന്നു. ക്രിക്കറ്റിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകളാണ് ഇപ്പോൾ ഇത് നടത്തുന്നത്, ഈ അനീതിക്കെതിരെ തീർച്ചയായും ഞാൻ കോടതിയെ സമീപിക്കും. മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ഇതിൽ അടിയന്തരമായി ഇടപെടണം. ഇത് ഒറ്റപ്പെട്ട ഒരു സംഭവമായി കാണരുത്, അസ്ഹറുദ്ധീൻ ചൂണ്ടിക്കാട്ടി.

അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കെ പദവി ദുരുപയോഗം ചെയ്താണ് അസ്ഹർ സ്വന്തം പേര് സ്റ്റാൻഡിനു നൽകിയത് എന്ന ഹൈദരാബാദ് ലോഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പരാതിയെത്തുടർന്നാണ് പേരു നീക്കാൻ ഉത്തരവിട്ടത്. സ്റ്റേഡിയത്തിലെ നോർത്ത് പവിലിയന്‍ സ്റ്റാൻഡിനാണ് അസ്ഹറുദ്ദീന്റെ പേരു നൽകിയിരിക്കുന്നത്. 2019ൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അസ്ഹറുദ്ദീൻ. ഈ വർഷം തന്നെയാണ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിന്റെ പേര് ‘വി.വി.എസ്. ലക്ഷ്മൺ പവിലിയൻ’ എന്നതിൽനിന്ന് അസ്ഹറുദ്ദീന്റെ പേരിലേക്കു മാറ്റിയത്.

Content Highlights: 'I regret playing cricket': Mohammad Azharuddin

To advertise here,contact us