മുൻ ഇംഗ്ലീഷ് നായകനും ഏഴ് വർഷത്തോളം രാജസ്ഥാൻ റോയൽസിന്റെ നെടുന്തൂണുമായ ജോസ് ബട്ട്ലറെ ടീമിൽ റീട്ടെയ്ൻ ചെയ്യാത്തതിൽ കടുത്ത വിമർശനവുമായി മുൻ രാജസ്ഥാൻ താരം കൂടിയായ റോബിൻ ഉത്തപ്പ രംഗത്ത്. കഴിഞ്ഞ മത്സരത്തിൽ ബട്ട്ലറുടെ ഇപ്പോഴത്തെ ടീമായ ഗുജറാത്തിനോട് 58 റൺസിന് രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. 218 റൺസ് ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാൻ 58 റൺസിനാണ് പരാജയപ്പെട്ടത്.
ഇതിനു ശേഷമാണ് രാജസ്ഥാന്റെ താരലേലത്തിലെ സ്ട്രാറ്റജി എന്തായിരുന്നു എന്ന ചോദ്യവുമായി ഉത്തപ്പ രംഗത്തെത്തിയത്. താരലേലത്തിൽ ജോസ് ബട്ലർ, യസ്വേന്ദ്ര ചാഹൽ,രവിചന്ദ്രൻ അശ്വിൻ എന്നിവരെ വിളിക്കാതിരുന്നതാണ് ഉത്തപ്പ ചോദ്യം ചെയ്തത്. ഇവരെ നിലനിർത്താതെ രാജസ്ഥാൻ നിലനിർത്തിയത് സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവരെയാണ്.
രാജസ്ഥാൻ ബട്ലറേയും അശ്വിനേയും ചാഹലിനേയും പറഞ്ഞുവിട്ടതോടെ നിരവധി പ്രശ്നങ്ങളാണ് അവരുടെ ടീമിലുണ്ടായിരിക്കുന്നത്. ഹെറ്റ്മയറിന് പരിക്കേറ്റാൽ അവർക്ക് കൃത്യമായ റിപ്ലേസ്മെന്റ് പോലുമില്ല. ഈ താരലേലത്തിലെ അവരുടെ സ്ട്രാറ്റജി ഇവിടെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഉത്തപ്പ പറഞ്ഞു. ഇതിനെക്കുറിച്ച് ഷെയിൻ വാട്സനും തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നു. സഞ്ജുവും ബട്ലറും തമ്മിലുള്ള ബന്ധം ടീമിൽ വലിയ മാറ്റങ്ങൾ കഴിഞ്ഞ സീസണുകളിൽ കൊണ്ടുവന്നിരുന്നു. പക്ഷേ, ഇപ്പോൾ ബട്ട്ലർ ഇല്ലാത്തത് രാജസ്ഥാനെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് കാണാം. വാട്സൻ ചൂണ്ടിക്കാട്ടിയതിങ്ങനെ.
2018 മുതലേ രാജസ്ഥാന്റെ ഭാഗമായിരുന്നു ബട്ട്ലർ. രാജസ്ഥാൻ ഫൈനലിലെത്തിയ 2022 സീസണിൽ 17 ഇന്നിങ്സുകളിലായി 863 റൺസ് ബട്ട്ലർ സ്കോർ ചെയ്തിരുന്നു. കഴിഞ്ഞ സീസണുകളിലും മികച്ച പ്രകടനം തന്നെയാണ് മുൻ ഇംഗ്ലീഷ് നായകൻ ടീമിനായി കാഴ്ചവെച്ചത്. എന്നാൽ ഈ സീസണിൽ രാജസ്ഥാൻ കൈവിട്ടതോടെ മെഗാ ഓക്ഷനിൽ ഗുജറാത്ത് അദ്ദേഹത്തെ 15.75 കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു.
Content highlights: Robin Uthappa slams Rajasthan Royals for releasing Jos Buttler for mega auction