ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ മികച്ച ബൗളിങ് പുറത്തെടുത്ത ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്. മത്സരത്തിൽ സിറാജിന്റെ പ്രകടനത്തിൽ ഒരു തീക്ഷ്ണത കാണാമായിരുന്നു. ഒരു പേസ് ബൗളറിൽ നിന്ന് പ്രതീക്ഷിക്കുന്നതും ആ തീക്ഷണതയാണ്. എവിടെയോ സിറാജിന് വേദനിച്ചെന്ന് തോന്നുന്നു. തുടർച്ചയായി നാല് ഓവറുകൾ എറിഞ്ഞിരുന്നെങ്കിൽ സിറാജിന് ഒരു വിക്കറ്റുകൂടി സ്വന്തമാക്കാൻ കഴിയുമായിരുന്നു. സെവാഗ് ക്രിക്ബസിനോട് പ്രതികരിച്ചു.
മത്സരശേഷം താൻ ഒരൽപ്പം വികാരാധീധനനായെന്ന് സിറാജ് പറഞ്ഞിരുന്നു. ഞാൻ റോയൽ ചലഞ്ചേഴ്സിൽ ഏഴ് വർഷം കളിച്ചിരുന്നു. അതുകൊണ്ട് ഒരൽപ്പം വികാരാധീധനനായി. ചുവപ്പ് ജഴ്സി നീലയായത് വൈകാരികമായിരുന്നു. എന്നാൽ ബൗളിങ്ങിന് തയ്യാറെടുത്തപ്പോൾ ഞാൻ ടൈറ്റൻസിന്റെ താരമായി.' മത്സരശേഷം സിറാജ് പ്രതികരിച്ചത് ഇങ്ങനെ.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. നാല് ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത സിറാജിന്റെ പ്രകടനം ഗുജറാത്ത് ബൗളിങ്ങിൽ നിർണായകമായി. മറുപടി പറഞ്ഞ ഗുജറാത്ത് ടൈറ്റൻസ് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
Content Highlights: Mohammed Siraj Earns High Praise from Virender Sehwag