ഇടത് വലത് കൈകളുടെ മാജിക്; കമിന്ദു മെൻഡിസ്, എ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കോമ്പോ

ഒരു ബാറ്ററായും ടീമിൽ നിർണായകമാണ് മെൻഡിസിന്റെ സാന്നിധ്യം

ക്രിക്കറ്റിൽ ഒരു നിർവചനമുണ്ട്. വലം കയ്യൻ ബാറ്ററാണ് ക്രീസിലെങ്കിൽ ഒരു ഇടം കയ്യൻ ബൗളറുണ്ടെങ്കിൽ നന്നാകും. ഇടം കയ്യനാണ് ക്രീസിലെങ്കിൽ ഒരു വലൻ കയ്യൻ ബൗളറെ പരീക്ഷിക്കാം. എന്നാൽ ഇടത് വലത് കൈകൾകൊണ്ട് മാറി മാറി പന്തെറിയുന്ന ഒരു ബൗളർ ഉണ്ടെങ്കിലോ? തീർച്ചയായും അയാളെ ഏത് നിർണായക സമയത്തും പന്തേൽപ്പിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇപ്പോൾ അങ്ങനെയൊരു ബൗളർ ഉണ്ടെന്നതാണ് സത്യം. ശ്രീലങ്കക്കാരൻ കമിന്ദു മെൻഡിസ്. എ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കോമ്പോ.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. കൊൽക്കത്ത നന്നായി ബാറ്റ് ചെയ്യുകയാണ്. സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് മെൻഡിസിനെ പന്തേൽപ്പിച്ചു. ആൻ​ഗ്രീഷ് രഘുവംശിയെന്ന വലം കയ്യൻ ബാറ്ററാണ് ക്രീസിൽ. ഐപിഎൽ അരങ്ങേറ്റത്തിലെ ആദ്യ പന്ത് മെൻഡിസ് ഇടതുകൈകൊണ്ട് എറിഞ്ഞു. അടുത്ത പന്ത് നേരിട്ടത് ഇടം കയ്യൻ ബാറ്റർ വെങ്കിടേഷ് അയ്യർ. ഇത്തവണ വലത് കൈകൊണ്ടായിരുന്നു മെൻഡിസ് പന്തെറിഞ്ഞത്. മൂന്നാം ബോളിൽ വീണ്ടും രഘുവംശി ക്രീസിലെത്തി. മെൻഡിസിന്റെ ബൗളിങ് ഇടതുകൈകൊണ്ട്. രഘുവംശിയെ വീഴ്ത്തി മെൻഡിസിന് ഐപിഎല്ലിലെ ആദ്യ വിക്കറ്റ്.

ഒരു ബാറ്ററായും ടീമിൽ നിർണായകമാണ് മെൻഡിസിന്റെ സാന്നിധ്യം. 2022ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് മെൻഡിസ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ എട്ട് ടെസ്റ്റുകളിലും അർധ സെഞ്ച്വറി നേട്ടം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും കഴിഞ്ഞിട്ടില്ലാത്ത നേട്ടം. ഈ ഇടം കയ്യൻ ബാറ്ററെ സൺറൈസേഴ്സ് 75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. നിർണായക സമയങ്ങളിൽ ഇടത് വലത് കൈകൾകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ.

Content Highlights: Kamindu Mendis bowls with both hands in the same over

To advertise here,contact us