ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ടീമായ മുംബൈ വിടുന്നതിന് പിന്നിൽ ടീം അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസമെന്ന് റിപ്പോർട്ട്. മുംബൈ ക്രിക്കറ്റിൽ താൻ നേരിടുന്ന കടുത്ത വിമർശനങ്ങളാണ് ജയ്സ്വാൾ ടീം വിടാനുള്ള കാരണമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. 2022-ൽ ദുലീപ് ട്രോഫി ക്രിക്കറ്റിൽ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ രഹാനെയും ജയ്സ്വാളും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഈ സംഭവത്തിന് ശേഷം ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഒരിക്കൽ രഞ്ജി ട്രോഫി മത്സരത്തിനിടെ ജയ്സ്വാളിന്റെ ബാറ്റിങ്ങിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ മുംബൈ ടീം ക്യാപ്റ്റൻ രഹാനെയുടെ കിറ്റ്ബാഗ് താരം തൊഴിച്ചെറിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതിനിടെ മുംബൈ ടീം വിടുന്നതിൽ പ്രതികരണവുമായി ജയ്സ്വാൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'മുംബൈ വിടുന്നത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്. ഇന്ന് ഞാൻ നേടിയ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ മുംബൈയാണ്. ഈ നഗരം എന്റെ കരിയറിൽ നിർണായകമായ പങ്ക് വഹിച്ചു. ഞാൻ എപ്പോഴും മുംബൈയോട് കടപ്പെട്ടിരിക്കുന്നു,' എന്ന് യശസ്വി ജയ്സ്വാൾ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
'ഗോവ ക്രിക്കറ്റ് എനിക്ക് പുതിയൊരു അവസരം നൽകുകയാണ്. ഗോവ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും അവർ എനിക്ക് നൽകി. ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനമാണ് എന്റെ പ്രഥമ ലക്ഷ്യം. എന്നാൽ ഇന്ത്യൻ ടീമിൽ ഇല്ലാത്തപ്പോൾ ഞാൻ ഗോവയ്ക്കായി കളിക്കും. ഇത് എന്നെ തേടിയെത്തിയ ഒരു അവസരമാണ്. അത് നന്നായി ഉപയോഗിക്കാനും ഞാൻ ശ്രമിക്കും.' എന്ന് ജയ്സ്വാൾ വ്യക്തമാക്കി.
Content Highlights: Friction Between Ajinkya Rahane and Jaiswal Behind Goa Move