ഐപിഎല്ലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ വിക്കറ്റ് നേടിയ ശേഷം ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് രാതി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷന് ബിസിസിഐ നടപടിയെടുത്തത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റും ദിഗ്വേഷിന് വിധിച്ചു.
എന്നാലിതാ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിലും താരം ഈ ആഘോഷ പ്രകടനം ആവർത്തിച്ചു. മുംബൈയ്ക്ക് വേണ്ടി തകർത്തുകളിച്ച നമാൻ ദിറിന്റെ വിക്കറ്റ് നേടിയതിന് ശേഷമാണ് ആഘോഷം. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം കെസ്രിക് വില്യംസിനെ അനുകരിച്ചാണ് ദിഗ്വേഷ് രാതി നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തുന്നത്. 2017ൽ ജമൈക്കയിൽ നടന്ന ഒരു ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്ലിയെ പുറത്താക്കിയ ശേഷം ക്രെസിക് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. താൻ എറിഞ്ഞിട്ട ഇരകളുടെ പേരുകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നുവെന്നാണ് ഇത്തരമൊരു സെലിബ്രേഷന്റെ അർത്ഥമെന്നാണ് ക്രെസിക് വില്യംസിന്റെ വാദം.
അതേ സമയം ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ 203 റൺസ് ടോട്ടൽ പിന്തുടർന്ന മുംബൈ 10 ഓവറിൽ മൂന്ന് വിക്കറ്റിന് 100 കടന്നു. നമാൻ ദിർ 46 റൺസെടുത്ത് പുറത്തായി. 37 റൺസുമായി സൂര്യകുമാർ യാദവ് ക്രീസിലുണ്ട്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറിൽ 203 റൺസ് നേടി.
The effect of the 25% fine on Digvesh Rathi — same celebration, but at a distance from the batter! 🫣👀🔥#IPL2025 #DigveshRathi #LSGvMI #Sporskeeda pic.twitter.com/6nFF7oRrpg
മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം എന്നിവരുടെ അർധ സെഞ്ച്വറികളാണ് ലഖ്നൗവിന് തുണയായത്. മിച്ചൽ മാർഷ് 31 പന്തിൽ രണ്ട് സിക്സറും ഒമ്പത് ഫോറുകളും അടക്കം 60 റൺസുമായി പുറത്തായി. മാർക്രം 38 പന്തിൽ നാല് സിക്സറും രണ്ട് ഫോറുകളും അടക്കം 53 റൺസ് നേടി. 19 പന്തിൽ 30 റൺസെടുത്ത് ആയുഷ് ബദോനിയും 14 പന്തിൽ 27 റൺസെടുത്ത് ഡേവിഡ് മില്ലറും ഭേദപ്പെട്ട പ്രകടനം നടത്തി. റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. നാലാം മത്സരത്തിനിറങ്ങുന്ന ഇരുടീമുകളും രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Content highlights: Digvesh Rathi again with Paper Celebration