RRന് നിർണായക സംഭാവനകളുമായി ധ്രുവ് ജുറേൽ; രണ്ടാം മത്സരത്തിലും ടോപ് സ്കോറർ

29 റൺസെടുത്ത യശസ്വി ജയ്സ്വാൾ, 25 റൺസെടുത്ത റിയാൻ പരാ​ഗ് എന്നിവരാണ് രാജസ്ഥാനായി ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്ത മറ്റുതാരങ്ങൾ

ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ രക്ഷകനായി ധ്രുവ് ജുറേൽ. 28 പന്തിൽ 33 റൺസെടുത്ത ജുറേലിന്റെ ഇന്നിം​ഗ്സാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അഞ്ച് ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു ജുറേലിന്റെ ഇന്നിം​ഗ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.

ഐപിഎൽ താരലേലത്തിന് മുമ്പായി 14 കോടി രൂപയ്ക്ക് യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നു. ഏഴ് വർഷമായി രാജസ്ഥാന് ഒപ്പമുണ്ടായിരുന്ന ജോസ് ബട്ലറെ ഉൾപ്പെടെ ഒഴിവാക്കിയാണ് ജുറേലിന് നിലനിർത്താൻ രാജസ്ഥാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. ഇതിനെതിരെ ആരാധകരും മുൻതാരങ്ങളും കടുത്ത വിമർശനവും ഉയർത്തിയിരുന്നു. എന്നാൽ ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിയെന്ന് തന്റെ പ്രകടനം കൊണ്ട് തെളിയിക്കുകയാണ് ജുറേൽ. സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിലും 35 പന്തിൽ 70 റൺസെടുത്ത ധ്രുവ് ജുറേലായിരുന്നു രാജസ്ഥാന്റെ ടോപ് സ്കോറർ.

കൊൽക്കത്തയ്ക്കെതിരെ 29 റൺസെടുത്ത യശസ്വി ജയ്സ്വാൾ, 25 റൺസെടുത്ത റിയാൻ പരാ​ഗ് എന്നിവരാണ് രാജസ്ഥാനായി ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്ത മറ്റുതാരങ്ങൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ ചക്രവർത്തി, മൊയീൻ അലി, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Dhruv Jurel played another crucial knock in second straight match

To advertise here,contact us