മൂന്ന് IPL ടീമുകളുടെ നായകന്മാരായവർ ആരൊക്കെ?; സ്മിത്ത് മുതൽ രഹാനെ വരെയുള്ള ലിസ്റ്റ് നോക്കാം

നാല് താരങ്ങളാണ് ഇതുവരെ ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളുടെ നായകരായിട്ടുള്ളത്

ഐപിഎല്‍ സീസൺ പതിനെട്ടാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സീസണിൽ പാറ്റ് കമ്മിൻസ് മാത്രമാണ് വിദേശ ക്യാപ്റ്റനായി ഉള്ളത്. മറ്റ് ഒമ്പത് ക്യാപ്റ്റന്മാരും ഇന്ത്യക്കാരാണ്. ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് കമ്മിൻസ്.

അതേ സമയം ഈ ക്യാപ്റ്റന്മാരിൽ പലരും ഒന്നിലേറെ ടീമുകളുടെ നായകന്മാരായവരാണ്. ചില താരങ്ങൾ മൂന്ന് ടീമുകളിലൊക്കെ നായകൻമാരായിട്ടുണ്ട്. ഇങ്ങനെ ക്യാപ്റ്റനായിട്ടുള്ള നിലവിൽ കളിക്കുന്ന താരം അജിങ്ക്യ രഹാനെയാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകനായത്. രഹാനെ ക്യാപ്റ്റൻ ആകുന്ന മൂന്നാമത്തെ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാൻ റോയൽസ്, റൈസിങ് പുനെ സൂപ്പർജയന്‍റ്സ് എന്നീ ടീമുകളെ അദ്ദേഹം നയിച്ചിട്ടുണ്ട്.

ഇതുപോലെ ശ്രീലങ്കൻ ഇതിഹാസമായ മഹേല ജയവർധനെ മൂന്ന് ഐപിഎൽ ടീമുകളുടെ ക്യാപ്റ്റനായിട്ടുണ്ട്. ജയവർധനെ കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ് കേരള, ഡൽഹി ഡെയർഡെവിൾസ് എന്നീ ടീമുകളുടെ നായകസ്ഥാനം വഹിച്ചിട്ടുണ്ട്.

മറ്റൊരു ശ്രീലങ്കൻ നായകനായിരുന്ന കുമാർ സംങ്കക്കാരയാണ് മൂന്ന് ടീമുകളെ നയിച്ച മറ്റൊരു താരം. കിങ്സ് ഇലവൻ പഞ്ചാബ്, ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകളെയാണ് അദ്ദേഹം നയിച്ചത്. ആസ്ട്രേലിയൻ ഇതിഹാസ താരം സ്റ്റീവ് സ്മിത്തും മൂന്ന് ടീമുകളെ നയിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസ്, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർ ജയന്‍റ്സ് എന്നീ ടീമുകളെയാണ് സ്മിത്ത് നയിച്ചിട്ടുള്ളത്.

Content Highlights: IPL 2025: every team captiancy record with three teams

To advertise here,contact us