'THANK YOU PAKISTAN'; വിവാദങ്ങൾക്കിടയിൽ ചാംപ്യൻസ് ട്രോഫി വിജയത്തിൽ 'PCB' ക്ക് നന്ദി പറഞ്ഞ് ICC

ടൂർണമെന്റ് തുടങ്ങുന്നത് മുതൽ വിവിധ വിവാദങ്ങളും പ്രശ്നങ്ങളും അതിജീവിച്ചായിരുന്നു ടൂർണമെന്റ് പൂർത്തിയായത്

ചാംപ്യൻസ് ട്രോഫി വിജയകരമായി സംഘടിപ്പിച്ചതിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) നന്ദി അറിയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ടൂർണമെന്റ് വൻ വിജയമാക്കിയ പാക് ക്രിക്കറ്റ് ബോർഡിനും ഭരണകൂടത്തിനും രാജ്യത്തെ ജനങ്ങൾക്കും ഐസിസി നന്ദി പറഞ്ഞു.

ചാംപ്യൻസ് ട്രോഫി സമ്മാനവേദിയിൽ പാക് പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ വിവാദവും തർക്കവും നടന്നുകൊണ്ടിരിക്കെയാണ് ഐസിസിയുടെ ഔദ്യോഗിക നന്ദിപ്രകടനം. 1996 ന് ശേഷം ആദ്യമായി പാകിസ്താനിലേക്ക് തിരികെയെത്തിയ ഐസിസി ടൂർണമെന്റ് കൂടിയായിരുന്നു ഇത്.

ടൂർണമെന്റ് തുടങ്ങുന്നത് മുതൽ വിവിധ വിവാദങ്ങളും പ്രശ്നങ്ങളും അതിജീവിച്ചായിരുന്നു ടൂർണമെന്റ് പൂർത്തിയായത്. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് പ്രമുഖ പാകിസ്താൻ നഗരങ്ങളിലായി ആകെ 15 മത്സരങ്ങൾ നടന്നു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടന്നത്. ആഭ്യന്തര കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാൻ ഇന്ത്യ വിട്ടുനിന്നപ്പോൾ ഐസിസി ഇന്ത്യയുടെ വേദി ദുബായിലേക്ക് മാറ്റുകയായിരുന്നു.

ഒരേ വേദിയിൽ കളിക്കുക എന്ന അമിതാനുകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചുവെന്നതും വിവാദമായിരുന്നു. ശേഷം ഇന്ത്യ ഫൈനലിലെത്തിയതോടെ ഫൈനൽ വേദിയും പാകിസ്താന് നഷ്ടപ്പെട്ടു. ടീമെന്ന നിലയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റുപുറത്തായി. ഒടുവിൽ സമ്മാനദാന വേദിയിലും പാക് പ്രതിനിധികൾ ഉൾപെടാത്തത് വിവാദമായി.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനലിൽ പിസിബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുമൈർ അഹമ്മദ് സയ്യിദ് പങ്കെടുത്തിരുന്നുവെങ്കിലും സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. എന്നാൽ വേദിയിലെ മറ്റ് വിശിഷ്ടാതിഥികൾക്കൊപ്പം ചേരാൻ സയ്യിദിനോട് ആവശ്യപ്പെടാത്തതിന്റെ കാരണം ഐസിസി വ്യക്തമാക്കിയിരുന്നു.

'പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയർമാൻ അല്ലെങ്കിൽ സിഇഒ പോലുള്ള ആതിഥേയ ബോർഡിന്റെ തലവനെ മാത്രമേ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ഐസിസി ക്ഷണിക്കുന്നുള്ളൂ. മറ്റ് ബോർഡ് ഉദ്യോഗസ്ഥർ, വേദിയിൽ ഉണ്ടായിരുന്നെങ്കിൽ പോലും, വേദി നടപടിക്രമങ്ങളുടെ ഭാഗമാകില്ല,' ഐസിസി വക്താവ് പറഞ്ഞു. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.

Content Highlights: ICC thanks to pakistan cricket board for champions trophy success

To advertise here,contact us