'അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുന്നു'; വിരമിക്കൽ പ്രഖ്യാപിച്ച് മഹ്മൂദുള്ള

ബം​ഗ്ലാദേശിനായി 50 ടെസ്റ്റുകളും 239 ഏകദിനങ്ങളും 141 ട്വന്റി 20യിലും കളിച്ച താരമാണ് മഹ്മൂദുള്ള

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ബം​ഗ്ലാദേശ് ഓൾറൗണ്ടർ മഹ്മൂദുള്ള. 17 വർഷം നീണ്ട കരിയറിനാണ് 39കാരനായ താരം അവസാനം കുറിക്കുന്നത്. നേരത്തെ ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിൽ നിന്ന് മഹ്മൂദുള്ള വിരമിച്ചിരുന്നു. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ ആയിരുന്നു മഹ്മൂദുള്ളയുടെ അവസാന അന്താരാഷ്ട്ര മത്സരം.

കരിയറിൽ പിന്തുണ നൽകിയവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ബം​ഗ്ലാദേശ് ഓൾറൗണ്ടർ കരിയർ അവസാനിപ്പിക്കുന്നത്. എല്ലാ സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി പറയുന്നു. പ്രത്യേകിച്ചും മാതാപിതാക്കൾക്ക് വലിയ നന്ദി പറയുന്നു. എന്റെ ഭാര്യപിതാവ്, ചെറുപ്പം മുതൽ എനിക്ക് പിന്തുണ നൽകി സഹോദരൻ എംദാദ് ഉള്ളാഹ് എല്ലാവർക്കും നന്ദി പറയുന്നു. മഹ്മൂദുള്ള വ്യക്തമാക്കി.

ബം​ഗ്ലാദേശിനായി 50 ടെസ്റ്റുകളും 239 ഏകദിനങ്ങളും 141 ട്വന്റി 20യിലും കളിച്ച താരമാണ് മഹ്മൂദുള്ള. മൂന്ന് ഫോർമാറ്റുകളിലുമായി 10,000ത്തിൽ അധികം റൺസും നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 166 വിക്കറ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. ചാംപ്യൻസ് ട്രോഫിക്ക് പിന്നാലെ മുതിർന്ന താരമായ മുഷ്ഫിക്കർ റഹീമും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ട്വന്റി 20യിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച മുഷ്ഫിക്കർ ടെസ്റ്റിൽ മാത്രമാണ് തുടരുന്നത്.

Content Highlights: Bangladesh's Mahmudullah Bids Farewell To International Cricket

To advertise here,contact us