ഐപിഎല്ലില്‍ ലഖ്‌നൗവിന് വന്‍ തിരിച്ചടി; മായങ്ക് യാദവിന് സീസണ്‍ ആദ്യ പകുതി നഷ്ടമായേക്കും

കഴിഞ്ഞ സീസണില്‍ വേഗത കൊണ്ട് ഞെട്ടിച്ച പേസറാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മായങ്ക് യാദവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണ്‍ ആരംഭിക്കാനിരിക്കെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വലിയ തിരിച്ചടി. ലഖ്‌നൗവിന്റെ യുവ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിന് സീസണിന്റെ ആദ്യ പകുതി നഷ്ടമായേക്കുമെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുറംവേദനയില്‍ നിന്ന് മായങ്ക് ഇപ്പോഴും പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Mayank Yadav set to miss the first half of IPL 2025. (Espncricinfo). pic.twitter.com/NCVkGSX1xR

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് മായങ്കിന് പുറംവേദന അനുഭവപ്പെട്ടത്. ഇതിനുപിന്നാലെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ചികിത്സയ്ക്ക് വിധേയനായിരുന്ന മായങ്ക് അടുത്തിടെ ബോളിംഗ് പുനഃരാരംഭിച്ചിരുന്നു.

എന്നാല്‍ പുറംവേദനയില്‍ നിന്നും മായങ്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്. യുവ സ്പീഡ്സ്റ്റര്‍ എന്ന് കളിക്കളത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും രണ്ടാം പകുതിയോടെ ലഖ്‌നൗവിന് വേണ്ടി തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ സീസണില്‍ വേഗത കൊണ്ട് ഞെട്ടിച്ച പേസറാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മായങ്ക് യാദവ്. വെറും 20 ലക്ഷത്തിനാണ് മായങ്ക് ലഖ്‌നൗ ടീമിലെത്തുന്നത്. അടുത്ത സീസണിലേക്ക് വേണ്ടി 11 കോടി രൂപയ്ക്ക് ലഖ്‌നൗ താരത്തെ നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിനായി തിളങ്ങിയ മായങ്ക് ഇന്ത്യന്‍ ട്വന്റി20 ടീമിലും അരങ്ങേറ്റ മത്സരം കളിച്ചിരുന്നു.

തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന മായങ്ക് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണു കളിക്കുന്നത്. ഇന്ത്യയ്ക്കായി മൂന്നു മത്സരങ്ങള്‍ കളിച്ച താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിനായി നാല് മത്സരങ്ങള്‍ മാത്രമാണ് മായങ്കിന് കളത്തിലിറങ്ങാന്‍ സാധിച്ചത്. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പരിക്ക് കാരണം താരത്തിന് സീസണ്‍ നഷ്ടമായിരുന്നു.

Content Highlights: Another injury blow to Mayank Yadav, LSG pacer to miss 1st half of IPL 2025: Report

To advertise here,contact us