പാകിസ്താൻ മുൻ താരം ആമിർ IPL കളിക്കാനെത്തുന്നു; 2026 സീസണിലേക്കുള്ള എൻട്രി പ്ലാൻ പറഞ്ഞ് താരം

ഐപിഎൽ കളിക്കാൻ താൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വിജയിച്ചാൽ 2026 സീസൺ ഐപിഎൽ കളിക്കുമെന്നും താരം തന്നെയാണ് വ്യക്തമാക്കിയത്

ഐപിഎൽ 2026 സീസണിൽ കളിക്കാൻ മുൻ പാക് പേസർ മുഹമ്മദ് ആമിർ ഒരുങ്ങുന്നുവെന്നതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചൂടുള്ള വാർത്ത. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇതിനകം വിരമിച്ച 33 കാരനായ താരം നിലവിൽ പലരാജ്യങ്ങളിലെയും ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കളിക്കുന്നുണ്ട്. എന്നാൽ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളാൽ ഐപിഎല്ലിൽ പാക് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിരുന്നു. 2008 ലെ ഐ‌പി‌എല്ലിന്റെ ആദ്യ പതിപ്പിൽ പാകിസ്താൻ താരങ്ങൾ ഹിറ്റായിരുന്നുവെങ്കിലും 2009 മുതൽ ഈ സീസൺ വരെയും പാക് താരങ്ങൾ ഐപിഎൽ കളിച്ചിട്ടില്ല.

എന്നാൽ ഐപിഎൽ കളിക്കാൻ താൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വിജയിച്ചാൽ 2026 സീസൺ ഐപിഎൽ കളിക്കുമെന്നും താരം തന്നെയാണ് വ്യക്തമാക്കിയത്. യുകെ പൗരയായ താരത്തിന്റെ ഭാര്യ നർജിസ് വഴി യുകെ പൗരത്വം നേടിയെടുക്കാനും അതിലൂടെ ഇന്ത്യയുടെ ഫ്രാഞ്ചൈസി ലീഗിലേക്ക് കടക്കുവാനുമാണ് താരത്തിന്റെ ശ്രമം.

പാകിസ്താൻ ക്രിക്കറ്റ് കളിക്കാരെ ഐ‌പി‌എല്ലിൽ വിലക്കിയിരുന്നു, പക്ഷേ നമ്മുടെ മുൻ ക്രിക്കറ്റ് താരങ്ങൾ കമന്ററി ചെയ്യാനും പരിശീലക റോളിലും ഇന്ത്യയിലെത്തുന്നു. അതുകൊണ്ട് തന്നെ ഈ നീക്കം പാകിസ്താനിൽ എതിർപ്പുണ്ടാക്കുമെന്ന് തൻ കരുതുന്നില്ലെന്നും ആമിർ പറഞ്ഞു. മുൻ പാകിസ്താൻ ക്യാപ്റ്റൻ വസീം അക്രം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നപ്പോൾ മറ്റൊരു മുൻ ക്യാപ്റ്റൻ റമീസ് റാസ കുറച്ച് വർഷങ്ങൾ ഐ‌പി‌എല്ലിൽ കമന്ററി ചെയ്തിരുന്നു.

യോഗ്യത നേടിയാൽ, ഒരു മുൻ പാകിസ്താൻ കളിക്കാരൻ ഐപിഎല്ലിൽ കളിക്കുന്നത് ഇതാദ്യമായിരിക്കില്ല. നേരത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനും (2012-2013) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും (2015) വേണ്ടിയും അസ്ഹർ മഹമൂദ് കളിച്ചിട്ടുണ്ട്. അതേസമയം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മുഹമ്മദ് അമീറിനെ തിരഞ്ഞെടുത്താൽ, ഫ്രാഞ്ചൈസിയുടെ നിർഭാഗ്യം മാറ്റാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഇതേ ഷോയുടെ ഭാഗമായിരുന്ന മറ്റൊരു മുൻ പാകിസ്താൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ് അഭിപ്രായപ്പെട്ടു.

മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ആർസിബിക്ക് ഇതുവരെ ഐപിഎൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. 'ആർസിബിയുടെ ബൗളിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആമിറിനെപ്പോലുള്ള ഒരു ബൗളറെ ആവശ്യമുണ്ട്. അവർക്ക് മികച്ച ബാറ്റിംഗ് യൂണിറ്റുണ്ട്, പക്ഷേ അവരുടെ പ്രശ്‌നം എപ്പോഴും ബൗളിങ്ങാണ്. ആമിർ ആർസിബിക്ക് വേണ്ടി കളിച്ചാൽ അവർ കിരീടം നേടും' അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു.

Content Highlights: Pakistan’s Mohammad Amir to play in IPL? Former pacer reveals plans

To advertise here,contact us