'വിജയത്തിനും തോല്‍വിക്കും ഇടയിലുള്ള വ്യത്യാസമാണ് ട്രാവിസ് ഹെഡ്'; മുന്നറിയിപ്പുമായി ദിനേശ് കാര്‍ത്തിക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് എപ്പോഴും പ്രയാസം സൃഷ്ടിക്കാറുള്ള താരമാണ് ട്രാവിസ് ഹെഡ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ട്രാവിസ് ഹെഡ് വീണ്ടും ഇന്ത്യയുടെ പ്രധാന 'തലവേദന'യായിരിക്കുമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് എപ്പോഴും പ്രയാസം സൃഷ്ടിക്കാറുള്ള താരമാണ് ട്രാവിസ് ഹെഡ്. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഉള്‍പ്പെടെ കിരീടത്തിലേക്കുള്ള ഇന്ത്യയുടെ വഴിമുടക്കിയത് ഹെഡിന്റെ നിര്‍ണായക ഇന്നിങ്‌സാണ്.

ഇപ്പോള്‍ 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഒരു ഐസിസി നോക്കൗട്ട് റൗണ്ടില്‍ ഇന്ത്യയും ഓസീസും വീണ്ടും മുഖാമുഖം വരുമ്പോള്‍ ട്രാവിസ് ഹെഡ് ഇന്ത്യയുടെ വിക്കറ്റായിരിക്കുമെന്ന് പറയുകയാണ് ഡികെ. 'നോക്കൗട്ട് ഘട്ടങ്ങളില്‍ ഇന്ത്യയേക്കാള്‍ മുന്‍തൂക്കമുണ്ടായിരുന്നത് ആദ്യമെല്ലാം ന്യൂസിലാന്‍ഡിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഓസ്‌ട്രേലിയയ്ക്കാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ വീണ്ടും ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കാന്‍ സാധ്യതയുള്ളത് ട്രാവിസ് ഹെഡാണ്', ഡികെ പറഞ്ഞു.

Dinesh Karthik 👀 pic.twitter.com/VUanvF9olY

'ഏത് ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് ട്രാവിസ് ഹെഡ്. തീര്‍ച്ചയായും ഇന്ത്യ ആ വിക്കറ്റ് വീഴ്ത്താനായിരിക്കും ശ്രദ്ധിക്കുക. കാരണം ഹെഡിന്റെ വിക്കറ്റ് നേരത്തെ വീഴ്ത്തിയാല്‍ കളിയുടെ ബാക്കി ഭാഗങ്ങള്‍ അവര്‍ക്ക് വളരെ എളുപ്പമാകും. കാരണം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയ പരമ്പര, ലോകകപ്പ് ഫൈനല്‍, ഏത് വലിയ മത്സരമായാലും അദ്ദേഹം നിര്‍ണായക സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ജയിക്കുന്നതിനും തോല്‍ക്കുന്നതിനും ഇടയിലുള്ള വ്യത്യാസമാണ് ഹെഡ്', ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

Also Read:

Cricket
വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ്ങിന്റെ 'മാജിക് പോര്‍ഷന്‍' അതാണ്; വിശദീകരിച്ച് ഹര്‍ഭജന്‍ സിങ്

ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാറുള്ള താരമാണ് 31കാരനായ ട്രാവിസ് ഹെഡ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഹെഡിനെ പൂട്ടാന്‍ ഇന്ത്യ പാടുപെട്ടിരുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ ഹെഡ് ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയതും ഇന്ത്യക്കെതിരെയാണ്. മൂന്ന് ഫോര്‍മാറ്റിലുമായി നാല് തകര്‍പ്പന്‍ സെഞ്ച്വറികളടക്കം ഹെഡ് വാരികൂട്ടിയത് 1600ന് മുകളില്‍ റണ്‍സാണ്. ഓസീസിനെതിരെ വീണ്ടുമൊരു നോക്കൗട്ട് പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ ലക്ഷ്യം ട്രാവിസ് ഹെഡ് തന്നെയായിരിക്കുമെന്ന് ഉറപ്പാണ്.

Content Highlights: ‘Travis Head is the difference between winning and losing’: Dinesh Karthik on India vs Australia 1st semifinal

To advertise here,contact us