രഞ്ജിട്രോഫി ഫൈനൽ; വിദർഭയെ രണ്ടാം ഇന്നിങ്സിൽ പിടിച്ചുകെട്ടണം; മറുപടി നൽകണം; കേരളത്തിന്റെ സാധ്യതയിങ്ങനെ

ഫൈനലിൽ വിദർഭയോട് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരിക്കുകയാണ് കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ വിദർഭയോട് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരിക്കുകയാണ് കേരളം. വിദർഭയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 379ന് മറുപടി പറഞ്ഞ കേരളം ആദ്യ ഇന്നിങ്സിൽ 342 റൺസിന് എല്ലാവരും പുറത്തായി. 37 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് വിദർഭ സ്വന്തമാക്കിയത്.

അതുകൊണ്ട് തന്നെ നാലാം ദിനത്തിൽ ഇന്ന് കളി ആരംഭിക്കുമ്പോൾ വിദർഭയുടെ രണ്ടാം ഇന്നിങ്‌സ് എളുപ്പത്തിൽ അവസാനിപ്പിച്ച് ബാറ്റ് കൊണ്ട് മറുപടി പറയാനാവും കേരളത്തിന്റെ ശ്രമം. അങ്ങനെയെങ്കിൽ മാത്രമേ കേരളത്തിന് കിരീടം നേടാനാവൂ. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം.

Also Read:

Cricket
രഞ്ജി ട്രോഫി ഫൈനൽ; ‌വിദർഭയോട് ലീഡ് വഴങ്ങി കേരളം

മൂന്നിന് 131 എന്ന സ്കോറിൽ നിന്നാണ് കേരളം ഇന്നലെ മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാംരഭിച്ചത്. 79 റൺസെടുത്ത ആദിത്യ സർവാതെയുടെയും 98 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും പ്രകടനമാണ് കേരളത്തിന് പ്രതീക്ഷകൾ നൽകിയത്. 185 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെയാണ് സർവാതെ 79 റൺസെടുത്തത്. 235 പന്തുകൾ നേരിട്ട് 10 ഫോറുകൾ സഹിതം സച്ചിൻ 98 റൺസെടുത്ത് പുറത്തായി.

സെഞ്ച്വറിക്കരികിൽ നിൽക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സച്ചിൻ ബേബി പുറത്താകുന്നത്. പിന്നീട് സ്വന്തമാക്കാൻ കഴിയുമായിരുന്ന ഒന്നാം ഇന്നിങ്‌സ് ലീഡ് കേരളം കൈവിട്ടു. ഏഴിന് 337 എന്ന സ്കോറിൽ നിന്ന് കേരളം 342ൽ ഓൾ ഔട്ടായി. മുഹമ്മദ് അസ്ഹറുദ്ദീൻ 34, ജലജ് സക്സേന 28, രണ്ടാം ദിവസം അഹമ്മദ് ഇമ്രാൻ 37 എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്കോറിങ്ങുകൾ. വിദർഭയ്ക്കായി ദർശൻ നാൽകണ്ടെ, ഹർഷ് ദുബെ, പാർത്ഥിവ് നാൽകണ്ടെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

Content Highligths: Kerala ranji trophy final chances vs Vidarbha

To advertise here,contact us