രഞ്ജിട്രോഫിയിലെ രഞ്ജി എന്താണ്? 91 വർഷത്തെ ചരിത്ര ടൂർണമെന്റിന്റെ അറിയാക്കഥകൾ നോക്കാം

മത്സരത്തിന് 'ദി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഓഫ് ഇന്ത്യ' എന്നാണ് പേര് നൽകിയിരുന്നത്.

കേരളവും വിദർഭയും തമ്മിലുള്ള രഞ്ജിട്രോഫി ടൂർണമെന്റ് ഫൈനൽ നടന്നുകൊണ്ടിരിക്കുകയാണ്. 91 വർഷത്തെ ചരിത്രമുള്ള ടൂർണമെന്റിൽ ആദ്യമായി കേരളം ഫൈനലിലെത്തിയപ്പോൾ മലയാളികളും ഇപ്പോൾ രഞ്ജി ട്രോഫി മത്സരം തത്സമയം കാണുകയും ആവേശം കൊള്ളുകയും ചെയ്യുന്ന തിരക്കിലാണ്. ഈ സമയത്ത് എന്താണ് രഞ്ജി ട്രോഫി, എന്താണ് ഈ പേരിൽ ഈ ടൂർണമെന്റ് അറിയപ്പെടാൻ കാരണം എന്നിവ നമുക്ക് പരിശോധിക്കാം..

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ആഭ്യന്തര ട്രോഫിയാണ് രഞ്ജി ട്രോഫി. 1934 ൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ത്യയിലെ ആദ്യത്തെ ദേശീയ തല ക്രിക്കറ്റ് ടൂർണമെന്റായി ഇത് ആരംഭിച്ചു. തുടക്കത്തിൽ, മത്സരത്തിന് 'ദി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഓഫ് ഇന്ത്യ' എന്നാണ് പേര് നൽകിയിരുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ആദ്യ ഇന്ത്യക്കാരനും ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവുമായ കുമാർ ശ്രീ രഞ്ജിത്സിങ്ജിയെ ആദരിക്കുന്നതിനായി ഇതിന് രഞ്ജി ട്രോഫി എന്ന പേര് ലഭിച്ചു. അന്നത്തെ പട്യാല മഹാരാജാവ് ഭൂപീന്ദർ സിംഗ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ബിസിസിഐക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തു. ഇന്നും ജേതാക്കൾക്ക് സമ്മാനിക്കുന്ന ട്രോഫിക്ക് മുകളിൽ രഞ്ജിത്സിങ്ജിയുടെ പ്രതിമ നമുക്ക് കാണാം.

Also Read:

Cricket
രഞ്ജി ട്രോഫി ഫൈനൽ; ആദ്യ ഇന്നിങ്സിൽ വിദർഭ 379 ന് ഓൾ ഔട്ട്; പ്രതീക്ഷയോടെ കേരളം ക്രീസിൽ

1934 നവംബർ 4 ന് മദ്രാസും മൈസൂരും തമ്മിലാണ് ആദ്യത്തെ രഞ്ജി ട്രോഫി മത്സരം നടക്കുന്നത് ചെന്നൈയിലെ ചെപ്പോക്ക് ക്രിക്കറ്റ് ഗ്രൗണ്ടായിരുന്നു വേദി. അതിനുശേഷം, എല്ലാ വർഷവും ടൂർണമെന്റ് നടത്തിവരുന്നു. ടൂർണമെന്റിലെ ചരിത്രത്തിലെ ഏറ്റവും പ്രബലമായ ടീമായി മുംബൈ ക്രിക്കറ്റ് ടീം നിലകൊള്ളുന്നു. 42 കിരീടങ്ങളാണ് മുംബൈക്കുള്ളത്.

കഴിഞ്ഞ തവണയും വിദർഭയെ കീഴടക്കി മുംബൈ കിരീടം നേടിയിരുന്നു. ഇപ്പോഴിതാ മുംബൈ ഇല്ലാത്ത ഒരു അപൂർവ രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം മൂന്നാം കിരീടം ലക്ഷ്യമിട്ട് വിദർഭയും ഏറ്റുമുട്ടുകയാണ്. അഞ്ചുദിനത്തെ പോരിനൊടുവിൽ ആരാണ് ഇന്ത്യയിലെ ആ ചരിത്ര പ്രാധാന്യമുള്ള കിരീടം കൈക്കലാക്കുക എന്ന് നമുക്ക് നോക്കാം.

Content Highlights: ranjitrophy history and its bond with indian cricket

To advertise here,contact us