'അത് ഔട്ടായിരുന്നുവെങ്കിൽ കാണാമായിരുന്നു, ഈ ആഘോഷമൊന്നും ഉണ്ടാവില്ല', കോഹ്‌ലിയെ വിമർശിച്ച് ഗാവസ്കർ

ഇന്ത്യയുടെ ഇന്നിങ്സിലെ 21-ാം ഓവറില്‍ നടന്ന സംഭവത്തിലാണ് ഗാവസ്‌കർ കോഹ്‌ലിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്

ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. ദുബായിയിൽ നടന്ന ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തിൽ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് നിർണായക ജയം നേടിക്കൊടുത്തത്. 111 പന്തില്‍ ഏഴുഫോറുകൾ അടക്കം 100 റൺസാണ് കോഹ്‌ലി നേടിയത്. ബൗണ്ടറി നേടിയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയതും. താരത്തിന്റെ ഇന്നിങ്സിന് പിന്നാലെ സഹതാരങ്ങളും മുൻ താരങ്ങളും ക്രിക്കറ്റ് ആരാധാകരും പ്രശംസകൾ കൊണ്ട് മൂടി. എന്നാൽ മത്സരത്തിൽ കോഹ്‌ലിയുടെ അനാവശ്യ ഇടപെടലിനെ വിമർശിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ രംഗത്തെത്തി.

ഇന്ത്യയുടെ ഇന്നിങ്സിലെ 21-ാം ഓവറില്‍ നടന്ന സംഭവത്തിലാണ് ഗാവസ്‌കർ കോഹ്‌ലിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഹാരിസ് റൗഫിന്‍റെ പന്തില്‍ അതിവേഗ സിംഗിളെടുക്കാന്‍ ശ്രമിച്ച കോഹ്‌ലി ക്രീസിലെത്തിയശേഷം ഫീല്‍ഡറുടെ ത്രോ കൈ കൊണ്ട് തടുത്തിട്ടിരുന്നു. പന്ത് പിടിക്കാനായി സമീപത്തൊന്നും പാക് ഫീല്‍ഡർമാരില്ലാത്തപ്പോഴാണ് കോഹ്‌ലി ക്രീസില്‍ കയറിയശേഷം ഫീല്‍ഡറുടെ ത്രോ കൈ കൊണ്ട് തടഞ്ഞത്.

Also Read:

Cricket
ബ്ലോക്ക്ബസ്റ്റര്‍ തൂക്കിയടി; ഇന്ത്യ-പാക് പോരാട്ടം ലൈവായി കണ്ടത് 60 കോടിയിലധികം ആളുകള്‍, റെക്കോർഡ്

എന്നാല്‍ ഈ സമയം കമന്‍ററി ബോക്സിലുണ്ടായിരുന്ന ഗവാസ്കര്‍ കോഹ്‌ലി ചെയ്തത് അനാവശ്യ കാര്യമാണെന്ന് ചൂണ്ടിക്കാട്ടി. ക്രിക്കറ്റിൽ എതിർടീമുകൾ എറിയുന്ന പന്തുകൾ കൈകൊണ്ട് തട്ടുന്നത് നിയമത്തിന് എതിരാണെന്നും പാകിസ്താൻ ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ കോഹ്‌ലി ഔട്ട് ആകുമായിരുന്നുവെന്നും ഗാവസ്‌കർ പറഞ്ഞു. ആ സമയത്ത് പന്ത് പിടിക്കാനായി വിക്കറ്റിന് അടുത്ത് ആരുമുണ്ടായിരുന്നില്ല. താരം പന്തുപിടിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയ്ക്ക് അധികം റൺ നേടാമായിരുന്നുവെന്നും മത്സരത്തിൽ ഓരോ റൺസും വിലപ്പെട്ടതാണെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു.

ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രമാണ് ഫീല്‍ഡ് തടസപ്പെടുത്തിയതിന് ബാറ്ററെ ഔട്ടായി പ്രഖ്യാപിക്കാറുള്ളത്. ബാറ്റ് കൊണ്ടോ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗങ്ങള്‍ കൊണ്ടോ ഫീല്‍ഡറെ ക്യാച്ച് ചെയ്യുന്നതില്‍ നിന്നോ റണ്ണൗട്ടില്‍ നിന്നോ തടസപ്പെടുത്തിയാൽ ഫീല്‍ഡിംഗ് ടീമിന് ബാറ്ററുടെ ഔട്ടിനായി അപ്പീല്‍ ചെയ്യാം. അംപയറുടെ വിവേചനധികാരമായിരിക്കും ഇതിൽ തീരുമാനമെടുക്കുക.

Content Highlights: sunil gavaskar on virat kohli trying to obstruct the field vs pakistan

To advertise here,contact us