'350 റൺസ് പിന്തുടർന്ന് വിജയിക്കുന്നത് വലിയ മികവ്', ഓസീസ് ടീമിന് അഭിനന്ദനങ്ങളെന്ന് ജോസ് ബട്ലർ

ബെൻ ഡക്കറ്റിന്റെ പ്രകടനത്തെയും ഇം​ഗ്ലണ്ട് ക്യാപ്റ്റൻ അഭിനന്ദിച്ചു

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയയോടേറ്റ തോൽവിയിൽ പ്രതികരണവുമായി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ. മത്സരം ആവേശകമരായിരുന്നു. രണ്ട് ടീമുകളും നന്നായി കളിച്ചു. ഇം​ഗ്ലണ്ട് മികച്ച സ്കോറാണ് ഉയർത്തിയത്. വിജയത്തിന്റെ ക്രെഡിറ്റ് ഓസ്ട്രേലിയൻ ടീമിനുള്ളതാണ്. ജോഷ് ഇൻ​ഗ്ലീഷിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു. 350 എന്നത് മികച്ച സ്കോറായിരുന്നു. മഞ്ഞുവീഴ്ച ഒരു പ്രധാന ഘടകമായിരുന്നു. എങ്കിലും 350 റൺസ് പിന്തുടർന്ന് വിജയിക്കുന്നത് വലിയ മികവ് തന്നെയാണ്. ജോസ് ബട്ലർ മത്സരശേഷം പ്രതികരിച്ചു.

ബെൻ ഡക്കറ്റിന്റെ പ്രകടനത്തെയും ഇം​ഗ്ലണ്ട് ക്യാപ്റ്റൻ അഭിനന്ദിച്ചു. എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ ഡക്കറ്റിന് കഴിയും. ഏകദിന ക്രിക്കറ്റിൽ അവിശ്വസനീയമാം വിധം ഡക്കറ്റ് സ്ഥിരത പുലർത്തുന്നു. ഡക്കറ്റിന്റെ പ്രകടനം സന്തോഷം നൽകുന്നു. ടീം പരാജയപ്പെട്ടതിൽ വിഷമമുണ്ട്. വ്യക്തി​ഗത പ്രകടനങ്ങളേക്കാൾ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ഇം​ഗ്ലണ്ട് ടീം ശ്രമിക്കേണ്ടതുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ റൂട്ടും ഡക്കറ്റും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ബൗളിങ്ങിൽ ജോഷ് ഇൻ​ഗ്ലീഷും അലക്സ് ക്യാരിയും തമ്മിലുള്ള കൂട്ടുകെട്ട് തകർക്കാൻ ഇം​ഗ്ലണ്ട് ബൗളർമാർ ശ്രമിച്ചു. എന്നാൽ അവർക്ക് അത് സാധിച്ചില്ല. ചിലസമയങ്ങളിൽ മികച്ച പ്രകടനത്തിന് എതിർ ടീമിനെ അഭിനന്ദിക്കേണ്ടതുണ്ട്. ബട്ലർ വ്യക്തമാക്കി.

ഐസിസി ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ എറ്റവും വലിയ റൺചെയ്സിനാണ് ലഹോറിൽ ക്രിക്കറ്റ് ലോകം സാക്ഷിയായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് അടിച്ചുകൂട്ടി. 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയൻ സംഘം ലക്ഷ്യം മറികടന്നു.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇം​ഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ അടിച്ചെടുത്ത് ബെൻ ഡക്കറ്റ് ഇം​ഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു. 143 പന്തുകൾ നേരിട്ട് 17 ഫോറിന്റെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 165 റൺസാണ് ഡക്കറ്റ് നേടിയത്.

Also Read:

Cricket
പ്രായം 43, യുവി പഴയ യുവി തന്നെ; ബൗണ്ടറിയിൽ പറന്ന് തകർപ്പൻ ക്യാച്ച്

21 വർഷം പഴക്കമുള്ള റെക്കോർഡാണ് ബെൻ ഡക്കറ്റ് തിരുത്തിയെഴുതിയത്. ന്യൂസിലാൻഡ് മുൻ താരം നഥാൻ ആസിലിന്റെ പേരിലായിരുന്നു ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ഉയർന്ന വ്യക്തി​ഗത സ്കോർ നേട്ടം. 2004ൽ യു എസ് എയ്ക്കെതിരെ പുറത്താകാതെ 145 റൺസ് ആസിൽ നേടിയിരുന്നു. 2002ൽ ഇന്ത്യയ്ക്കെതിരെ സിംബാബ്‍വെയുടെ ആൻഡി ഫ്ലവറും 145 റൺസ് നേടിയിരുന്നു. ഡക്കറ്റിനെ കൂടാതെ 68 റൺസെടുത്ത ജോ റൂട്ടാണ് ഇം​ഗ്ലീഷ് നിരയിൽ തിളങ്ങിയ മറ്റൊരു ബാറ്റർ. ഓസ്ട്രേലിയയ്ക്കായി ബെൻ ഡ്വാര്‍ഷുസ് മൂന്ന് വിക്കറ്റെടുത്തു.

മറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തിരിച്ചടിയാണുണ്ടായത്. ട്രാവിസ് ഹെഡ് ആറ് റൺസെടുത്തും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അഞ്ച് റൺസെടുത്തും വിക്കറ്റ് നഷ്ടമാക്കി. എന്നാൽ ഒരുവശത്ത് മാറ്റ് ഷോർട്ട് മികച്ച തുടക്കം ഉറപ്പാക്കി. 66 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം ഷോർട്ട് 63 റൺസെടുത്തു. മാർനസ് ലബുഷെയ്ൻ 47, അലക്സ് ക്യാരി 69 എന്നിവർ മികച്ച സംഭാവനകൾ നൽകി.

Content Highlights: Chase down 350 is fantastic, Buttler's honest remarks on Ausis win

To advertise here,contact us