ആർ സി ബി ആരാധകരുടെ ആവേശം ഇത്രയധികമാണോ?; ചെവിയടച്ച് നിന്ന് ഹർമൻപ്രീത് കൗർ

സ്റ്റേഡിയം നിറഞ്ഞ ആരാധകർക്കായി മത്സരം വിജയിക്കാൻ റോയൽ ചലഞ്ചേഴ്സിന് കഴിഞ്ഞില്ല

വനിത പ്രീമിയർ ലീ​ഗ് ക്രിക്കറ്റിനിടെ ആരാധക ആവേശത്തിന്റെ ശബ്ദം സഹിക്കാനാവാതെ ചെവിയടച്ച് ഹർമൻപ്രീത് കൗർ. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. റോയൽ ചലഞ്ചേഴ്സ് ഇന്നിം​ഗ്സിനിടെ ആരാധക ആവേശത്താൽ ചെവിയടച്ച് നിൽക്കുന്ന ഹർമൻപ്രീതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. എന്നാൽ സ്റ്റേഡിയം നിറഞ്ഞ ആരാധകർക്കായി മത്സരം വിജയിക്കാൻ റോയൽ ചലഞ്ചേഴ്സിന് കഴിഞ്ഞില്ല.

women's cricket will forever be indebt to u Chinnaswamy 🫶 pic.twitter.com/MPYxFgZnDy

മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയമാണ് മുംബൈ വനിതകൾ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ ഇന്ത്യൻസ് 19.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Also Read:

Cricket
ചിന്നസ്വാമിയിൽ ആർ സി ബിയെ വീഴ്ത്തി; മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എല്ലീസ് പെറിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചലഞ്ചേഴ്സിനെ മികച്ച സ്കോറിലെത്തിച്ചത്. 43 പന്തിൽ 11 ഫോറും രണ്ട് സിക്സറും സഹിതം പെറി 81 റൺസെടുത്തു. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 28, ക്യാപ്റ്റൻ സ്മൃതി മന്ദാന 26 എന്നിവരാണ് ചലഞ്ചേഴ്സ് നിരയിൽ തിളങ്ങിയ മറ്റ് ബാറ്റർമാർ. മുംബൈ ഇന്ത്യൻസിനായി അമൻജോത് കൗർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസിനായി നാറ്റ് സ്കിവറും ഹർമ്മൻപ്രീത് കൗറും തിളങ്ങി. 21 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ 42 റൺസാണ് നാറ്റ് സ്കിവർ സംഭാവന ചെയ്തത്. 38 പന്തുകൾ നേരിട്ട് എട്ട് ഫോറും ഒരു സിക്സറും സഹിതം 50 റൺസെടുത്ത ഹർമൻപ്രീത് നിർണായക ഇന്നിം​ഗ്സ് കെട്ടിപ്പടുത്തു. 27 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 34 റൺസെടുത്ത അമൻജോത് കൗറിന്റെ കൂടെ മികച്ച പ്രകടനമായതോടെ മുംബൈ ഇന്ത്യൻസ് മത്സരം സ്വന്തമാക്കി.

Content Highlights: Harmanpreet Kaur covers her ears with hands

To advertise here,contact us