'2013ൽ ഗംഭീർ-കോഹ്‍ലി തർക്കം അവസാനിപ്പിച്ചത് ഞാനാണ്, ആരാധകർ എന്നെ എന്നും ഓർക്കും': രജത് ഭാട്ടിയ

'ഡൽഹി രഞ്ജി ടീമിൽ പോലും അത്തരം തർക്കങ്ങൾ ഉണ്ട്. എന്നാൽ അത് തുടരാൻ പാടില്ല'

2013ൽ ​​ഗൗതം ​ഗംഭീറും വിരാട് കോഹ്‍ലിയും തമ്മിൽ ഐപിഎൽ മത്സരത്തിനിടെയുണ്ടായ തർക്കം അവസാനിപ്പിച്ചത് താനാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ താരം രജത് ഭാട്ടിയ. റെയിൽവേസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ കമന്ററി ബോക്സിൽ നിന്നാണ് രജത് ഭാട്ടിയ ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ പ്രകടനങ്ങളേക്കാളും ഈയൊരു കാര്യംകൊണ്ടാവും ആളുകൾ തന്നെ കൂടുതൽ ഓർക്കുകയെന്നും ഭാട്ടിയ പറഞ്ഞു.

രണ്ട് താരങ്ങൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ചതിന്‍റെ പേരിലാണ് ആളുകൾ എന്നെ ഓർക്കുക. എന്റെ പ്രകടനത്തേക്കാളും ഈ സംഭവം ക്രിക്കറ്റ് ലോകം ഓർക്കും. ഇപ്പോൾ ഒരാൾ കളത്തിലുണ്ടെന്നും മറ്റൊരാൾ ഡ്രെസ്സിങ് റൂമിലാണെന്നും ഭാട്ടിയ ചിരിച്ചുകൊണ്ട് പറ‍ഞ്ഞു.

ചെറിയ തർക്കങ്ങൾ എല്ലാ ടീമിലുമുണ്ടാകും. ഡൽഹി രഞ്ജി ടീമിൽ പോലും അത്തരം തർക്കങ്ങൾ ഉണ്ട്. എന്നാൽ അത് തുടരാൻ പാടില്ല. ഇപ്പോൾ ഒരാൾ ടീമിന്റെ മുഖ്യപരിശീലകനും മറ്റൊരാൾ ടീമിലെ പ്രധാന താരവുമാണ്. ഭാട്ടിയ വ്യക്തമാക്കി.

Also Read:

Cricket
ദിനേശ് ചാന്ദിമലിനെ ഒറ്റ സെഷനിൽ രണ്ട് തവണ പുറത്താക്കി; അപൂർവനേട്ടത്തിൽ നഥാൻ ലിയോൺ

2013ലെ ഐപിഎല്ലിലായിരുന്നു ഗംഭീർ-കോഹ്‍ലി വിവാദങ്ങൾക്ക് തുടക്കമായത്. ഗ്രൗണ്ടിൽ ഇരുതാരങ്ങളും തമ്മിൽ ഗുരുതര വാക്കേറ്റമുണ്ടായി. ധോണിക്ക് പിന്നാലെ വിരാട് കോഹ്‍ലി ഇന്ത്യൻ ടീമിന്റെ നായകനായി. ടീമിലേക്ക് എത്താൻ ശ്രമിച്ച ഗംഭീറിന് കോഹ്‍ലിയുടെ നായകത്വം തടസം സൃഷ്ടിച്ചതായി വാർത്തകൾ പുറത്തുവന്നു. ഇതോടെ ഇന്ത്യൻ ദേശീയ ടീമിന്റെ വാതിലുകൾ ഗംഭീറിന് മുന്നിൽ കൊട്ടിയടക്കപ്പെട്ടു. 2023ലെ ഐപിഎല്ലിനിടയിലും ഇരുതാരങ്ങളും തമ്മിലുള്ള ഗ്രൗണ്ടിലെ മോശം പെരുമാറ്റം ആവർത്തിച്ചു. 10 വർഷമായി ഇരുവരും തമ്മിലുള്ള അസ്വസ്ഥതകൾ തുടരുന്നുവെന്ന് ക്രിക്കറ്റ് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

അന്ന് ഒരു ക്രിക്കറ്റ് താരത്തിനും അപ്പുറത്തേയ്ക്ക് ഗൗതം ഗംഭീറെന്ന വ്യക്തി വളർന്നിരുന്നു. 2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗംഭീർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. ബിജെപി ടിക്കറ്റിൽ പാർലമെന്റ് അംഗമായി. അഞ്ച് വർഷത്തിനൊടുവിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഗംഭീർ ബിജെപി നേതൃത്വത്തെ അറിയിച്ചു. 2024ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായിരുന്നു ഗംഭീർ. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‍ലിയെ ചേർത്തുപിടിക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി. പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ​ഗംഭീർ. ഇന്ന് ഇന്ത്യൻ ടീമിൽ ​ഗംഭീർ-കോഹ്‍ലി അസ്വസ്ഥതകൾ ഒരു പഴങ്കഥ മാത്രമാണ്.

Content Highlights: Virat Kohli vs Gautam Gambhir IPL Feud Discussed During Ranji Trophy Match

To advertise here,contact us