ഹാര്‍ദ്ദിക്കിന് പകരം സൂര്യയെ ക്യാപ്റ്റനാക്കിയപ്പോൾ ഞെട്ടിപ്പോയി, ശേഷം സൂര്യ ശരിക്കും ഞെട്ടിച്ചു: മുൻ പരിശീലകൻ

ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ടി 20 ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ വരുമെന്നാണ് താൻ കരുതിയതെന്നും സഞ്ജയ് ബംഗാര്‍ പറഞ്ഞു

ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ടി 20 ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ വരുമെന്നാണ് താൻ കരുതിയതെന്നും അപ്രതീക്ഷിതമായി സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മുൻ ഇന്ത്യൻ പരിശീലകൻ സഞ്ജയ് ബംഗാര്‍. ഏതായാലും ആ തീരുമാനം നന്നായെന്നും സൂര്യകുമാറിന് കീഴിൽ ഇന്ത്യ ടി 20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും ബംഗാര്‍ അഭിപ്രായപ്പെട്ടു. യുവ താരങ്ങളെ നയിക്കാനും പുതുമുഖങ്ങളെ പ്രചോദിപ്പിക്കാനും സൂര്യയ്ക്ക് ഹാർദിക്കിനെക്കാൾ കഴിവുണ്ടെന്നും സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ ബംഗാർ പറഞ്ഞു.

ലോകകപ്പിനുശേഷം രോഹിത്തും വിരമിച്ചപ്പോള്‍ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലായിരുന്നു സെലക്ടര്‍മാര്‍ സൂര്യകുമാറിനെ നായകനാക്കിയത്. അത് വരെ ദീര്‍ഘകാലം വൈസ് ക്യാപ്റ്റനും രോഹിത്തിന്റെ അഭാവത്തില്‍ ക്യാപ്റ്റനുമായിരുന്ന ഹാര്‍ദ്ദിക്കിനെ തള്ളിയായിരുന്നു ആ പ്രഖ്യാപനം. രോഹിത്തിനെ മാറ്റി ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കുകയും പിന്നീട് തുടർ തോൽവികളിലേക്ക് വീഴുകയും ചെയ്ത സമയം കൂടിയായിരുന്നു അത്.

Also Read:

Cricket
രോഹിത് പാകിസ്‌താനിലേക്ക് പോകില്ല; ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങും ഫോട്ടോ ഷൂട്ടും ഒഴിവാക്കി

അതേ സമയം ടി20 ടീമിന്‍റെ നായകനാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ സൂര്യകുമാര്‍ തന്നെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സഞ്ജയ് മഞ്ജരേക്കറും പറഞ്ഞു. മികച്ച പ്രകടനം നടത്തിയാലും മോശം പ്രകടനം നടത്തിയാലും ജസ്പ്രീത് ബുംമ്രയെപ്പോലെ എല്ലാം ചിരിച്ചുകൊണ്ട് നേരിടാന്‍ സൂര്യകുമാറിന് കഴിയുമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. സൂര്യകുമാറിന് കീഴില്‍ കളിച്ച 20 ടി20 മത്സരങ്ങളില്‍ ഇന്ത്യ 16 എണ്ണത്തിലും ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ മാത്രമാണ് തോറ്റിട്ടുള്ളത്.

Content Highlights: Former India batting coach says about suryakumar yadav captiancy

To advertise here,contact us