മുൾത്താനിൽ ചരിത്രം; ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ പാക് സ്പിന്നറായി നൊമാൻ അലി

ആകെ നാല് പാക് ബോളർമാരാണ് ഇതിന് മുമ്പ് ടെസ്റ്റിൽ ഹാട്രിക്ക് നേടിയിട്ടുള്ളത്

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന പാകിസ്താന്റെ ആദ്യ സ്പിന്നറായി നൊമാൻ അലി. മുൾത്താൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിലാണ് 38 കാരനായ താരം ഈ നാഴികക്കല്ല് നേടിയത്. 12-ാം ഓവറിൽ ജസ്റ്റിൻ ഗ്രീവ്സ്, ടെവിൻ ഇംലാച്ച്, കെവിൻ സിൻക്ലെയർ എന്നിവരെ തുടർച്ചയായ പന്തുകളിൽ താരം പുറത്താക്കി.

Also Read:

Cricket
എത്ര നന്നായി കളിച്ചാലും പുറത്താക്കും, സഞ്ജുവിന്റെ കാര്യത്തിൽ സങ്കടമുണ്ട്: ഹർഭജൻ

ആകെ നാല് പാക് ബോളർമാരാണ് ഇതിന് മുമ്പ് ടെസ്റ്റിൽ ഹാട്രിക്ക് നേടിയിട്ടുള്ളത്. 1999 മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ലാഹോറിലും പിന്നീട് ധാക്കയിലും രണ്ടുതവണ ഈ നേട്ടം കൈവരിച്ച വസീം അക്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ പാക് ബോളർമാരിൽ ഒന്നാമൻ. 2000 ജൂണിൽ ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരെ അബ്ദുൾ റസാഖാണ് ഹാട്രിക് നേടിയ മറ്റൊരു പാക് താരം. 2002-ൽ ലാഹോറിൽ നടന്ന ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഹാട്രിക് നേടിയ മുഹമ്മദ് സമിയാണ് മൂന്നാമൻ. 2020 ഫെബ്രുവരിയിൽ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ ഈ നേട്ടം കൈവരിച്ച നസീം ഷായാണ് നാലാമൻ. എന്നാൽ ഇവരെല്ലാവരും പേസർമാരായിരുന്നു.

അതേ സമയം ഹാട്രിക്കടക്കം അഞ്ച് വിക്കറ്റ് പ്രകടനവുമായി നൊമാൻ അലി മിന്നും പ്രകടനം നടത്തിയപ്പോൾ വെസ്റ്റ് ഇൻഡീസിനെ പാകിസ്താൻ ചെറിയ സ്കോറിൽ ഒതുക്കി. 38 ഓവർ പിന്നിടുമ്പോൾ 144 ന് ഒമ്പത് വിക്കറ്റ് എന്ന നിലയിലാണ് വിൻഡീസ്. സ്പിന്നറായ സാജിദ് ഖാൻ രണ്ട് വിക്കറ്റ് വീതം നേടി. ഇരുടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റ് പാകിസ്താൻ 127 റൺസിന് വിജയിച്ചിരുന്നു. ഈ മത്സരം കൂടി വിജയിച്ചാൽ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താൻ തൂത്തുവാരും.

Content Highlights:noman ali create history, first spinner to take hattrick in test cricket

To advertise here,contact us