ആഭ്യന്തര ക്രിക്കറ്റ് കളിച്ചില്ലെങ്കില്‍ IPL ബാന്‍;കളിക്കാരെ 'നല്ല കുട്ടികളാക്കാന്‍' പെരുമാറ്റ ചട്ടവുമായി BCCI

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കി. സമീപ കാലത്തെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് താരങ്ങൾക്ക് മേലെയുള്ള നിയന്ത്രണങ്ങൾക്ക് ബിസിസിഐ ഒരുങ്ങിയത്. ഇന്ത്യൻ താരങ്ങൾ അച്ചടക്കമില്ലാത്തവരായി പെരുമാറുന്നുവെന്ന പരിശീലകൻ ഗംഭീർ ബിസിസിഐയ്ക്ക് നൽകിയ റിപ്പോർട്ടിന് പിന്നാലെയാണിത്.

മത്സരങ്ങൾക്കുള്ള യാത്ര ഇന്ത്യയ്ക്കകത്തും പുറത്തും ഒരുമിച്ചാക്കണമെന്നും കുടുംബത്തിനോടപ്പം ഒരുമിച്ച് യാത്ര അനുവദിക്കില്ലെന്നും പെരുമാറ്റ ചട്ടത്തിലുണ്ട്. പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം താരങ്ങള്‍ തുടരണമെന്നും പരമ്പരയ്ക്കിടെ പരസ്യ ചിത്രീകരണം അനുവദിക്കില്ലെന്നും ചട്ടത്തിൽ പറയുന്നു. പരിശീലന സെഷനിൽ മുഴുവൻ സമയം പങ്കെടുക്കണമെന്നും സ്വന്തം സെഷനു ശേഷം മടങ്ങാൻ പാടില്ലെന്നും ബിസിസിഐയുടെ ചട്ടത്തിൽ വിശദീകരിക്കുന്നുണ്ട്.

Also Read:

Cricket
പേഴ്സണൽ കുക്കും ബ്യൂട്ടീഷനും വേണ്ട, ഡിന്നർ എല്ലാവരും ഒരുമിച്ച്; താരങ്ങൾക്ക് മേൽ കർശന നിയന്ത്രണങ്ങളുമായി BCCI

പര്യടനത്തിന് പോകുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിന്‍റെ പരിധിയിലും നിബന്ധനയുണ്ട്. ടീമിന് അനുവദിച്ചിട്ടുള്ള ലഗേജിൽ കൂടുതൽ കൊണ്ടുപോകാൻ പാടില്ല. അങ്ങനെ കൊണ്ടുപോയാൽ അതിന്‍റെ ചിലവ് താരങ്ങള്‍ സ്വന്തം വഹിക്കണം. അത് പോലെ തന്നെ പേഴ്‌സണൽ സ്റ്റാഫുകളെയും അനുവദിക്കില്ലെന്നും ബിസിസിഐ പുറത്തിറക്കിയ പുതിയ ഗൈഡ് ലൈനിൽ പറയുന്നു. ചില താരങ്ങൾ പേഴ്‌സണൽ കുക്കുകളെയും ബ്യൂട്ടീഷന്മാരെയും കൊണ്ട് വരാറുണ്ട്, ഇത് ഒഴിവാക്കണമെന്നും ബിസിസിഐ പറയുന്നു.

Also Read:

Cricket
പീറ്റേഴ്സൺ OK പറഞ്ഞിട്ടും BCCI എത്തിയത് ആ ഒറ്റപ്പേരിൽ; ആരാണ് പുതിയ ബാറ്റിങ് പരിശീലകൻ സിതാൻഷു?

ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ഇളവ് വേണമെങ്കിൽ സെലക്ഷൻ കമ്മിറ്റി ചെയര്‍മാന്‍റെ അനുമതി വേണമെന്നുമുണ്ട്. അത് എല്ലാ അവസരത്തിൽ നൽകാൻ പറ്റില്ലെന്നും ബിസിസിഐ നിഷ്കർഷിക്കുന്നു. പെരുമാറ്റച്ചട്ടങ്ങളിൽ വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള ബിസിസിഐ നടത്തുന്ന ടൂർണമെൻ്റുകളിൽ നിന്നുള്ള വിലക്ക്, ബിസിസിഐ പ്ലെയർ കരാറിന് കീഴിലുള്ള റീട്ടെയ്‌നർ തുകയിൽ നിന്നും മാച്ച് ഫീസിൽ നിന്നുമുള്ള കിഴിവ്, ടീമിൽ നിന്ന് മാറ്റി നിർത്തൽ തുടങ്ങിയ ശിക്ഷയായി ചുമത്തുമെന്നും ബിസിസിഐ പുറത്തിറക്കിയ പെരുമാറ്റ ചട്ടത്തിൽ അറിയിച്ചു.

അതേസമയം താരങ്ങളുടെ ഫിറ്റ്നസ് നിലവാരം ഉയർത്താനും ധാരണയായിട്ടുണ്ട്. ടീം സെലക്ഷനിൽ ഫിറ്റ്നസ് കൂടി കാര്യമായി തന്നെ പരിഗണിക്കാനാണു നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ഫിറ്റ്നസ് നിലനിർത്തുന്നതില്‍ പല താരങ്ങള്‍ക്കും കൃത്യതയില്ലെന്നു വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ താരങ്ങൾക്കായി കൂടുതൽ ഫിറ്റ്നസ് ടെസ്റ്റുകൾ വന്നേക്കും. പഴയ യോയോ ടെസ്റ്റും തിരിച്ചുവന്നേക്കും.

Content Highlights: IPL ban if domestic cricket is not played; BCCI has issued a code of conduct for players

To advertise here,contact us